പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ സിപിഐയുടെ പരസ്യ നിലപാടില്‍ നീരസം വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പുറത്ത് സംസാരിച്ചു തീര്‍ക്കേണ്ട വിഷയമല്ലെന്നാണ് ടി പി രാമകൃഷ്ണന്റെ പ്രതികരണം. സിപിഐ നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് ഉറപ്പിച്ചു പറയാനും ടി പി രാമകൃഷ്ണന്‍ തയ്യാറായില്ല.
ഇത് ഇങ്ങനെ പുറത്ത് ഒരു സംവാദമുണ്ടാക്കി തീര്‍ക്കേണ്ട വിഷയമല്ലെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. പരസ്പര കൂടിയാലോചനയോടെ ധാരണയില്‍ എത്തേണ്ടതാണ്. അതിനുള്ള ശ്രമമാണ് നടക്കുന്നത്. ഞാനും ബിനോയ് വിശ്വവും തമ്മില്‍ വളരെ കാലത്തെ പരസ്പര ബന്ധമുണ്ട്. സുഹൃത്തുക്കളുമാണ്. ആ നിലയില്‍ ഇടയ്ക്ക് ഞങ്ങള്‍ കാണാറുണ്ട്. കാര്യങ്ങള്‍ സംസാരിക്കാറുമുണ്ട്. രാഷ്ട്രീയ കാര്യങ്ങളും സംസാരിക്കാറുണ്ട്. ഇന്നും അങ്ങനെയുള്ള ഒരു കാണലാണ്. സിപിഐ മാത്രമല്ല, എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഞാന്‍ മറ്റു പാര്‍ട്ടിക്കാരെയും കാണുന്നുണ്ട് – അദ്ദേഹം പറഞ്ഞു. ചര്‍ച്ച നടക്കാനുള്ള സാധ്യത മങ്ങുന്നുവെന്നാണ് എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.
അതേസമയം, ഉഭയകക്ഷി ചര്‍ച്ച സംബന്ധിച്ച് ഇന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തര്‍ക്കം നിലനില്‍ക്കുന്നതിനിടെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും ചേരുന്നുണ്ട്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ഭിന്നത തുടരുന്നതിനിടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്.








