Headlines

വിവാദ പിഎസ്‌സി പരീക്ഷയിൽ വീണ്ടും മൂല്യനിർണയം; തീരുമാനമെടുത്ത് പിഎസ്‌സി, റാങ്ക് പട്ടിക മാറും

 

തിരുവനന്തപുരം∙ വിവാദമായ ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം നടത്താനുള്ള നടപടികള്‍ പിഎസ്‌സി ആരംഭിച്ചു. കഴിഞ്ഞ ദിവസം കമ്മിഷന്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം എടുത്തതായി അധികൃതര്‍ പറഞ്ഞു. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് വഴിയുള്ള മൂല്യനിര്‍ണയത്തിനായി ഉടന്‍ തന്നെ അധ്യാപകരെ പിഎസ്‌സി ആസ്ഥാനത്തേക്കു വിളിച്ചു വരുത്തും. കഴിഞ്ഞ തവണ മൂല്യനിര്‍ണയം നടത്താതിരുന്ന 10 ചോദ്യങ്ങള്‍ക്കാണ് വീണ്ടും മാര്‍ക്കിടുന്നത്. ഇതോടെ ഒരു ഒഴിവു മാത്രമുള്ള തസ്തികയുടെ റാങ്ക് പട്ടികയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. ശരിയായി മാര്‍ക്കിട്ടിരുന്നെങ്കില്‍ ഇപ്പോള്‍ നിയമനം ലഭിച്ചയാള്‍ റാങ്കുപട്ടികയില്‍ ഇടംപിടിക്കില്ലായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പത്ത് ഉത്തരങ്ങളുടെ മൂല്യനിര്‍ണയം നടത്തുമ്പോള്‍ മാര്‍ക്കിലുണ്ടാകുന്ന മാറ്റം റാങ്കിലും പ്രതിഫലിച്ചാല്‍ പിഎസ്‌സി മുന്‍പ് നല്‍കിയ നിയമന ശുപാര്‍ശ റദ്ദാക്കേണ്ടിവരും. നിലവില്‍ ഒന്നാം റാങ്ക് ലഭിച്ച അരുണ്‍ ജെ. പ്രതാപ് ഒരു വര്‍ഷത്തിലേറെയായി ഈ തസ്തികയില്‍ ജോലി ചെയ്യുകയാണ്. നിയമന ശുപാര്‍ശ നല്‍കി ഒരു വര്‍ഷം വരെയേ പിഎസ്‌സിക്ക് അത് റദ്ദാക്കാന്‍ അധികാരമുള്ളൂ. അതിനു ശേഷം ഏതെങ്കിലും തരത്തിലുള്ള നടപടി വേണമെങ്കില്‍ പിഎസ്‌സിക്ക് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യാം. തുടര്‍ന്ന് നടപടി എടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാകും. ഈ സാഹചര്യമുണ്ടായാല്‍ ആസൂത്രണബോര്‍ഡ് ചീഫ് നിയമനം നിയമനടപടിയിലേക്കു നീങ്ങുന്ന അവസ്ഥയുണ്ടാകും. 10 ഉത്തരങ്ങള്‍ ഒഴിവാക്കി മൂല്യനിര്‍ണയം നടത്തി നിയമനം നല്‍കിയതിനെതിരേ അഞ്ചാം റാങ്കുകാരനായ ആലപ്പുഴ സ്വദേശി വി.എസ്. ജയലാല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ പരാതിയില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ ഇടക്കാല ഉത്തരവു വന്നിരുന്നു.