Headlines

ഒരു ബുക്ക് മുഴുവന്‍ എഴുതിക്കൊണ്ടുവരാനുള്ള ഇംപോസിഷന്‍, അസുഖങ്ങളോടെ വരുന്ന കുട്ടികള്‍ക്ക് ക്രൂരമായ ശിക്ഷകള്‍; ഡോ. റാമിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍

നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. റാമിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹപാഠികള്‍. ഡോ. റാം തന്നെ ഉന്നംവയ്ക്കുന്നതായി പലപ്പോഴും നിതിന്‍ പറഞ്ഞിരുന്നതായി നിതിന്റെ ക്ലാസ്‌മേറ്റ് ആര്‍ച്ച പറഞ്ഞു. കാലങ്ങളായി ഡോ. റാം ഇതുതന്നെയാണ് ചെയ്തുവരുന്നതെന്നും ഇത് വിദ്യാര്‍ഥികളില്‍ വലിയ ട്രോമയുണ്ടാക്കുന്നുവെന്നും നിതിന്‍ രാജിന്റെ സീനിയറായ കീര്‍ത്തി ട്വന്റിഫോറിനോട് പറഞ്ഞു. ഗുഡ്‌മോണിങ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതികരണം. (nithin raj’s friends against dr. ram | bds student death)

ഡോ. റാം വിദ്യാര്‍ഥികളോട് ക്രൂരമായാണ് പെരുമാറാറുള്ളതെന്ന് ആര്‍ച്ചയും കീര്‍ത്തിയും പറഞ്ഞു. ഒരു അസുഖം വന്ന് മുഖം താഴ്ന്നാല്‍ വരെ ക്ലാസില്‍ നിന്ന് പുറത്താക്കുകയും മൂന്ന് മാസത്തേക്ക് അറ്റന്‍ഡന്‍സ് നല്‍കാതിരിക്കുകയും ചെയ്യുമെന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. കുട്ടികള്‍ക്ക് വയ്യാതായാല്‍ അവരെ ക്ലാസ് കഴിയുന്നതുവരെ ക്ലാസിന്റെ മൂലയില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും തലതാഴ്ത്തി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. വളരെ കഠിനമായ ഇംപോസിഷനാണ് ഡോ. റാം വിദ്യാര്‍ഥികള്‍ക്ക് നല്‍കുക. ഒരു ടെക്‌സ്റ്റ് ബുക്ക് മുഴുവന്‍ എഴുതിക്കൊണ്ട് വരാനൊക്കെയാണ് നിര്‍ദേശിക്കുക. ചില വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഇരുന്നാല്‍പ്പോലും അറ്റന്‍ഡന്‍സ് നല്‍കില്ല. നിതിനെ വളരെ ക്രൂരമായി ഡോ. റാം അധിക്ഷേപിച്ചിട്ടുണ്ടെന്ന് സഹപാഠികള്‍ ആവര്‍ത്തിച്ചു. നമ്മുക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയല്ലേ പറ്റൂവെന്നും സഹക്കണമെന്നും താന്‍ നിതിനെ ഉപദേശിച്ചുവെന്നും ആര്‍ച്ച കൂട്ടിച്ചേര്‍ത്തു.ഈ സംഭവത്തില്‍ ഡോ. സംഗീത എങ്ങനെ ഉള്‍പ്പെട്ടുവെന്ന് തങ്ങള്‍ക്ക് മനസിലാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഡോ. സംഗീത വളരെ നല്ല അധ്യാപികയാണെന്നാണ് തങ്ങളുടെ ബോധ്യം. വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതില്‍ ഇടപെടാന്‍ മടിയില്ലാത്ത അധ്യാപികയാണ് ഡോ. സംഗീത. രണ്ട് ദിവസമായി ചാനലുകള്‍ അവരുടെ ചിത്രം ഉള്‍പ്പെടെ കാണിച്ച് കുറ്റപ്പെടുത്തുന്നതില്‍ വേദന തോന്നിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അന്വേഷണത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തുംവരെ ഡോ. സംഗീതയുടെ ചിത്രം ട്വന്റിഫോര്‍ നല്‍കില്ലെന്ന് വിദ്യാര്‍ഥികള്‍ക്ക് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഉറപ്പുനല്‍കി.