കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ആത്മഹത്യയെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും ദുരൂഹത ആരോപിക്കുകയാണ് കുടുംബം. നിതിന്‍ കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖകള്‍ ഇന്നലെ പുറത്തു വന്നിരുന്നു. (Nithin Raj’s Father on Loan App issue)
അതിനിടെ, നിതിന്‍ രാജിന്റെ മരണത്തില്‍, ലോണ്‍ ആപ്പില്‍ നിന്നുള്ള മെസേജുകളും അന്വേഷണ പരിധിയിലുണ്ട്. അധ്യാപികയുടെ നമ്പറിലേക്ക് വന്ന മെസേജുകള്‍ ആണ് പരിശോധിക്കുക. അധ്യാപികയുടെ നമ്പര്‍ ലോണ്‍ ആപ്പ് സംഘത്തിന് എങ്ങനെ ലഭിച്ചെന്നത് നിര്‍ണായകമാണ്.നടപടി നേരിട്ട രണ്ട് അധ്യാപകര്‍ക്ക് പുറമെ കമല്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡനും, ശ്രീലത എന്ന അധ്യാപികക്കും മരണത്തില്‍ പങ്കെന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ ആരോപിച്ചു. ശ്രീലത എന്ന അധ്യാപികയാണ് അവസാനം മകനെ ടോര്‍ച്ചര്‍ ചെയ്തത് എന്നാണ് മകള്‍ പറഞ്ഞത്. അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. കോളജിലേക്ക് പഠിക്കാന്‍ പോയ മകനെ മാനസിക വിഭ്രാന്തിയുള്ള കുട്ടിള്‍ താമസികുന്ന മുറിയിലാണ് പാര്‍പ്പിച്ചത്. ഹോസ്റ്റലില്‍ കടുത്ത മാനസിക സംഘര്‍ഷം ഉണ്ടായി – അദ്ദേഹം പറഞ്ഞു.
ലോണ്‍ ആപ്പ് കാരണം പ്രശ്‌നം ഉണ്ടായെങ്കില്‍ വീട്ടുകാരെ അറിയിക്കണമായിരുന്നുവെന്നും രാജന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു കോള്‍ പോലും കോളജില്‍ നിന്ന് എനിക്ക് വന്നിട്ടില്ല. മരണത്തിന് ശേഷം ആരും കോളേജില്‍ നിന്ന് വിളിച്ചിട്ടില്ല. സഹപാഠികള്‍ എങ്കിലും സത്യം തുറന്ന് പറയണം – നിതിന്റെ അച്ഛന്‍ വ്യക്തമാക്കി.
നിതിന്‍ ലോണ്‍ എടുത്തിട്ടുണ്ടെന്ന് അച്ഛന്‍ സ്ഥിരീകരിച്ചു. അമ്മയുടെ ചികിത്സ ആവശ്യത്തിനായി ആണ് ഓണ്‍ലൈന്‍ ലോണ്‍ എടുത്തത്. കൃത്യമായി അടയ്ക്കുന്നുണ്ട്. ഇടക്ക് വീഴ്ച വന്നു, പിന്നീട് അടച്ചു. ടീച്ചറിന്റെ പേരില്‍ ലോണ്‍ എടുത്തു എന്നുള്ളത് കള്ളം – അദ്ദേഹം പറഞ്ഞു.
വിഷയം ഇന്ന് ഗവര്‍ണറുടെ മുന്നില്‍ അറിയിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ, കെഎസ്‌യു തുടങ്ങിയ യുവജന വിദ്യാര്‍ഥി സംഘടനകള്‍ ക്യാമ്പസ്സിലേക്ക് പ്രതിഷേധ പ്രകടനം നടത്തും.






