” ലൈഫ് ബോയ് എവിടെയോ അവിടെയാണാരോഗ്യം…” ഒരു പഴയ പരസ്യവാചകമാണിത്. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ഇന്നത്തെ വാര്‍ത്താ സമ്മേളനം കണ്ടപ്പോള്‍ പലര്‍ക്കും ഓര്‍മ്മവന്നതാണ് ഈ പരസ്യവാചകം. കേരളാ കോണ്‍ഗ്രസ് എം എവിടെയാണോ അവിടെയായിരിക്കും ഭരണം എന്നാണ് ജോസ് കെ മാണിയുടെ പുതിയ അവകാശവാദം. യു ഡി എഫ് തങ്ങളെ വിടാതെ പിന്തുടരുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തണമെങ്കില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സഹായം ആവശ്യമാണ് എന്ന് ബോധ്യപ്പെട്ടതിനാലാണ് എന്നാണ് ജോസ് പറഞ്ഞതിന്റെ ആന്തരികാര്‍ത്ഥം. കേരളാ കോണ്‍ഗ്രസ് എം യു ഡി എഫില്‍ എത്തുന്നു എന്നുള്ള മാധ്യമ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഇടതുമുന്നണിയും ആശങ്കയിലായിരുന്നു.ജോസ് കെ മാണിയും കേരളാ കോണ്‍ഗ്രസ് എമ്മും എല്‍ഡിഎഫ് വിട്ടാല്‍
മധ്യകേരളത്തില്‍ തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാവുമോ എന്നാണ് സിപിഐഎമ്മിന്റെ ആശങ്ക. കേരളാ കോണ്‍ഗ്രസ് എം ഇടുപക്ഷം വിടുന്നുവെന്ന മാധ്യമ വാര്‍ത്തകളെ ഏറ്റവും കൂടുതല്‍ പ്രതിരോധിച്ചിരുന്നതും സി പി ഐ എം നേതാക്കളായിരുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനെ ഒരുമിച്ച് നിര്‍ത്താനായി കൊണ്ടുപിടിച്ച ശ്രമങ്ങളാണ് സി പി ഐ എം നടത്തിയത്. ചോദിച്ചതെല്ലാം കൊടുക്കുമ്പോഴും കേരളാ കോണ്‍ഗ്രസ് എം മുന്നണി വിടാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നാണ് ഇടതു നേതാക്കളുടെ ആശങ്ക. ഇതോടെയാണ് കെ എം മാണി ഫൗണ്ടേഷന്റെ ഒരു പഴയ അപേക്ഷയില്‍ ഇന്ന് യുദ്ധകാല അടിസ്ഥാനത്തില്‍ തീരുമാനമുണ്ടാക്കിയത്.
കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാണ് കേരളാ കോണ്‍ഗ്രസ് എം എന്നും, അതിനാലാണ് യു ഡി എഫും എല്‍ ഡി എഫും ഒരു പോലെ കേരളാ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനായി ശ്രമിച്ചുകൊണ്ടിരിക്കയാണെന്നാണ് ജോസ് കെ മാണിയുടെ അവകാശവാദം. തങ്ങളില്ലാതെ ഭരിക്കാന്‍ ഭരണം പിടിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് ജോസ് കെ മാണി പറഞ്ഞതിന്റെ അര്‍ത്ഥം. ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസിനെ യു ഡി എഫിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിച്ചത് മുസ്ലിംലീഗാണ്. കോണ്‍ഗ്രസിന്റെ ആശിര്‍വാദത്തോടെയാണ് ലീഗ് ഈ നീക്കം നടത്തിയത് എന്ന് വ്യക്തം. മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ യു ഡി എഫില്‍ നിന്നും വിട്ടുപോയി എന്നൊരു ആരോപണം നിലനില്‍ക്കുകയാണ്. കേരളാ കോണ്‍ഗ്രസ് എം മുന്നണിയില്‍ തിരിച്ചെത്തുന്നത് വോട്ടിംഗ് പാറ്റേണില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന വിലയിരുത്തലാണ് ലീഗിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഇക്കളഴിഞ്ഞ തദേശ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ വന്‍ മുന്നേറ്റമാണ് യു ഡി എഫ് നടത്തിയിരിക്കുന്നത് എന്ന് വ്യക്തമാണ്. കേരളാ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ തന്നെ കോട്ടയം ജില്ലയില്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും യു ഡി എഫിന് വന്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു.
ജോസ് കെ മാണി മുന്നണി വിട്ടാലും മന്ത്രി റോഷി അഗസ്റ്റിനേയും പ്രമോദ് നാരായണനേയും പ്രൊഫ. ജയരാജിനേയും എല്‍ ഡി എഫിനൊപ്പം നിര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമായിരുന്നു. ഇതിനിടയിലാണ് ജോസ് കെ മാണി നിലപാട് പ്രഖ്യാപിച്ചത്. നിലപാട് പെട്ടെന്ന് പ്രഖ്യാപിച്ചതോടെ കേരളാ കോണ്‍ഗ്രസിന് മെച്ചമുണ്ടായി. അത് കെ എം മാണി ഫൗണ്ടേഷന് 25 സെന്റ് സ്ഥലം ലഭിച്ചുവെന്നതാണ്. നിങ്ങള്‍ ഇവിടെ തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ടാവും എന്നാണ് എല്‍ ഡി എഫ് നേതൃത്വം നല്‍കിയ സന്ദേശം.
കവടിയാറിലാണ് കെ എം മാണി ഫൗണ്ടേഷന് സ്മാരകം പണിയാനായി സ്ഥലം അനുവദിച്ചിരിക്കുന്നത്. 30 വര്‍ഷത്തേക്ക് പാട്ടത്തിനാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. നേരത്തെ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുന്നു. എന്നാല്‍ 25 സ്ഥലം കെ എം മാണി മെമ്മോറിയല്‍ ഫൗണ്ടേഷന് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് 25 സെന്റ് സ്ഥലം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജോസ് കെ മാണി മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വൈകിപ്പിക്കുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് എം മുന്നണി വിടുകയാണെങ്കില്‍ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതില്‍ സര്‍ക്കാര്‍ പിറകോട്ട് പോയേനേ. ഞങ്ങള്‍ ഉറച്ചുനില്‍ക്കുമെന്ന് ജോസ് കെ മാണിയുടെ പ്രഖ്യാപനം വന്ന് മണിക്കുൂറുകള്‍ക്കിടയില്‍ മന്ത്രിസഭാ തീരുമാനവും പിറകെ വന്നു. തലസ്ഥാന നഗരിയില്‍ കണ്ണായ സ്ഥലത്ത് പാര്‍ട്ടിക്ക് കെ എം മാണിയുടെ സ്മരണ നിലനിര്‍ത്താന്‍ ഒരു സ്ഥാപനമുണ്ടാക്കാനുള്ള സൗകര്യമാണ് ഒരുങ്ങുക. ഒപ്പം നിന്നാല്‍ ഇങ്ങനേയും ചില സൗകര്യങ്ങളുണ്ടെന്ന് കേരളാ കോണ്‍ഗ്രസിനെ മാത്രമല്ല, ആര്‍ ജെ ഡിയെയും ബോധ്യപ്പെടുത്തുകയാണ് സര്‍ക്കാര്‍.








