പാലായിൽ പുതുയുഗം പിറന്നിരിക്കുന്നു. ദിയ പുളിക്കക്കണ്ടം എന്ന 21കാരി ഇനി പാലാ നഗരസഭയെ നയിക്കും. രാജ്യത്തുതന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ദിയ പുളിക്കക്കണ്ടം. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കക്കണ്ടം യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് പാലാ നഗരസഭാ ഭരണം യുഡിഎഫിന്റെ കൈകളിൽ എത്തുന്നത്. പുളിക്കക്കണ്ടം കുടുംബത്തെ ഒരുമിച്ച് നിർത്താനായി സിപിഐഎമ്മും കേരളാ കോൺഗ്രസ് എമ്മും തീവ്രശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ആ ശ്രമങ്ങളെല്ലാം പാളുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് പുളിക്കക്കണ്ടം ഫാമിലി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം വരുന്നത്.
യുഡിഎഫുമായി തിരഞ്ഞെടുപ്പുസമയത്തുണ്ടാക്കിയ ധാരണ പ്രകാരമാണ് പിന്തുണ. പുളിക്കക്കണ്ടത്തിന്റെ മൂന്ന് പേരും കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച ഒരാളുടേതടക്കം നാലു സ്വതന്ത്രരുടെ പിന്തുണയും ലഭിച്ചതോടെയാണ് യുഡിഎഫിന് ഭരണം തിരിച്ചുപിടിക്കാനായത്. ഇതോടെ 40 വർഷത്തോളം നിലനിന്ന പാലായിലെ കേരളാ കോൺഗ്രസ് എമ്മിന്റെ കുത്തകയാണ് അവസാനിച്ചത്.
കേരളാ കോൺഗ്രസ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ഇടത് പക്ഷവുമായി ധാരണയുണ്ടാക്കുന്നത്. ഇതേതുടർന്ന്, എൽഡിഎഫ് പാലായിൽ അധികാരം പിടിച്ചെങ്കിലും മുന്നണി ധാരണ പ്രകാരം സിപിഐഎം അംഗമായിരുന്ന ബിനു പുളിക്കകണ്ടത്തെ ചെയർമാനാക്കാനുള്ള ആവശ്യം അവഗണിച്ചു. പിന്നീട്, ബിനു നഗരസഭാ യോഗത്തിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചതും സഭയ്ക്കുള്ളിൽ കൈയ്യേറ്റവും മറ്റും ഉണ്ടാവുകയും ചെയ്തു. ഇതോടെ, ബിനുവിനെ സിപിഐഎം പുറത്താക്കി. ഇതിന് പിന്നാലെയാണ് ബിനു പുളക്കക്കണ്ടവും സഹോദരനും മകളും സ്വതന്ത്രരായി മത്സരിക്കാനെത്തുന്നത്.
ബിനു കേരളാ കോൺഗ്രസ് എമ്മിനെതിരെ രംഗത്തുവന്നതോടെ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്താതെ പിന്തുണ നൽകി. 13, 14, 15 വാർഡുകളിലായാണ് ബിനുവും സഹോദരനും മകളും മത്സരിക്കാനെത്തിയത്. ഫലം വന്നപ്പോൾ മൂന്നുപേരും വിജയിച്ചു. എൽഡിഎഫിനും യുഡിഎഫിനും ഭരിക്കണമെങ്കിൽ പുളിക്കകണ്ടം വീട്ടുകാരുടെ പിന്തുണ അനിവാര്യമായി മാറി. ഇതോടെയാണ് ദിയയെ നഗരസഭാ അധ്യക്ഷയാക്കണമെന്ന നിർദേശം ബിനു മുന്നോട്ടുവെക്കുന്നത്. മൂന്നു ദിനങ്ങളിലായി എൽഡിഎഫ് നേതാക്കളും യുഡിഎഫ് നേതാക്കളും പുളിക്കക്കണ്ടം കൗൺസിലർമാരുമായി മാരത്തോൺ ചർച്ചകൾ നടത്തി. ഒടുവിൽ ബിനു തീരുമാനം മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിക്കുകയായിരുന്നു. പിന്തുണ അറിയിച്ചതോടെ ദിയയെ നഗരസഭാ അധ്യക്ഷയായി യുഡിഎഫ് പ്രഖ്യാപനം വന്നു. കോൺഗ്രസ് വിമതയായി വിജയിച്ച മായാ രാഹുലിനെ ഉപാധ്യക്ഷയായും പ്രഖ്യാപിച്ചു. ഇരുവരും ഇന്ന് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടതോടെ പാലാ നഗരസഭയുടെ ഭരണം രണ്ട് സ്ത്രീകളുടെ കൈകളിലേക്ക് വഴിമാറുകയായിരുന്നു.
1985ന് ശേഷം പാലായിൽ കേരളാ കോൺഗ്രസ് എമ്മിന് അധികാരം നഷ്ടമായിരിക്കുന്നു. കേരളാ കോൺഗ്രസിന്റെ യുഡിഎഫ് വിട്ട് ഇടത് പാളയത്തിൽ അഭയം തേടിയപ്പോഴും കേരളാ കോൺഗ്രസ് എമ്മിന് പാല സ്വന്തം തട്ടകമായി നിലനിർത്താൻ കഴിഞ്ഞു. എന്നാൽ, ആറുമാസങ്ങൾക്കുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനെത്തിയ ജോസ് കെ മാണി തോറ്റു. എൽഡിഎഫുകാരനായിരുന്ന മാണി സി കാപ്പൻ യുഡിഎഫിന്റെ ടിക്കറ്റിൽ വിജയിച്ചു. അരനൂറ്റാണ്ടുകാലം കേരളാ കോൺഗ്രസ് നേതാവായിരുന്ന കെഎം മാണി തന്റെ ഉള്ളംകൈയ്യിൽ കൊണ്ടു നടന്നിരുന്ന മണ്ഡലമായിരുന്നു പാല. പാല കൈവിട്ടതിന്റെ ക്ഷീണം കേരളാ കോൺഗ്രസ് എമ്മിനെ രാഷ്ട്രീയമായി വേട്ടയാടി. കേരളാ കോൺഗ്രസ് യുഡിഎഫിലേക്ക് തിരിച്ചുപോവണമെന്ന ചർച്ചകൾ തുടരവേയാണ് പാലാ നഗരസഭയും നഷ്ടമാവുന്നത്.
കെ എം മാണിയുടെ മരണത്തോടെ കേരളാ കോൺഗ്രസിൽ ഉണ്ടായ മാറ്റങ്ങളുടെ ഫലമായാണ് കേരളാ കോൺഗ്രസ് എം യുഡിഎഫിൽ നിന്നും എൽഡിഎഫിലേക്ക് ചുവടുമാറിയത്. പാലായിൽ ജോസ് കെ മാണിയുടെ തോൽവിയും പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ സിറ്റിംഗ് എംപിയും കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയുമായിരുന്ന തോമസ് ചാഴികാടന്റെ തോൽവിയും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരുന്നത്. ഇതിന് പിന്നാലെ പാലായുടെ ആധിപത്യം കൂടി നഷ്ടപ്പെട്ടതോടെ കേരളാ കോൺഗ്രസ് എം രാഷ്ട്രീയമായി വലിയ പ്രതിസന്ധിയിലാണ് പതിച്ചിരിക്കുന്നത്.
ബിനു പുളിക്കക്കണ്ടം കഴിഞ്ഞ തവണ പാലാ നഗസഭാംഗമായത് സിപിഐഎം ചിഹ്നത്തിൽ മത്സരിച്ചായിരുന്നു. അതേ എൽഡിഎഫിനേയാണ് ബിനു പാലായിൽ തകർത്തത്. നിരവധി വിവാദങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പാലാ നഗരസഭയിൽ ഉയർന്നത്. എയർപോഡ് മോഷണ വിവാദം പോലുള്ള കേസിൽ ബിനു ഏറെ പ്രതിരോധത്തിലായിരുന്നു. ഇതെല്ലാം ബിനുവിന്റെ പ്രതികാര നീക്കത്തിന് കാരണമായി.
കേരളാ കോൺഗ്രസ് എമ്മിന്റെ പ്രമുഖ നേതാവായിരുന്ന പിവി സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും. കേരളാ കോൺഗ്രസിന്റെ യുവജന വിഭാഗം നേതാവായിരുന്നു ബിനു പുളിക്കക്കണ്ടം. കേരളാ കോൺഗ്രസിനോട് വിടപറഞ്ഞതിന് ശേഷം ബിജെപി ടിക്കറ്റിൽ പാലാ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ സിപിഐഎം ടിക്കറ്റിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ബിനുവിന് പക്ഷേ, ഭരണത്തിൽ പങ്കാളിത്തം ലഭിച്ചില്ല. ഇതോടെ ഒറ്റയാൾ പോരാട്ടം നടത്തി. സിപിഐഎം- കേരളാ കോൺഗ്രസ് ബന്ധം തകരുന്ന ഘട്ടംവരെ എത്തി. ഇതോടെയാണ് ബിനുവിനെ സിപിഐഎം പുറത്താക്കുന്നത്. ബിനുവിന്റെ രാഷ്ട്രീയത്തിൽ വൻതിരിച്ചടി പ്രതീക്ഷിച്ചവർക്കുമുന്നിലാണ് വൻ നേട്ടവുമായി തിരിച്ചെത്തിയിരിക്കുന്നത്. കേരളാ കോൺഗ്രസ് എമ്മിനെ ഒരു പാഠം പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് ഗോഥയിലേക്ക് ഇറങ്ങിയ ബിനു പിന്നീട് നിർണായക ഘടകമായി. അച്ഛന് കഴിഞ്ഞതവണ ലഭിക്കാതെ പോയ കസേരയിയാണ് മകൾക്ക് ലഭിച്ചിരിക്കുന്നത്. ഡിഗ്രി പഠനം പൂർത്തിയാക്കിയ ദിയ ബിരുദാനന്തര പഠനത്തിനായി ഒരുങ്ങുന്നതിനിടയിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുന്നതും വിജയിക്കുന്നതും. ഇപ്പോഴിതാ രാജ്യത്തുതന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയുമായി മാറിയിരിക്കുന്നു. പാലായുടെ വികസനത്തിനായിരിക്കും തന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി മുൻതൂക്കം നൽകുകയെന്നാണ് ദിയയുടെ ആദ്യ പ്രതികരണം.









