പാലാ നഗരസഭയിൽ പുളിക്കകണ്ടം കൗൺസിലർമാർ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ഇന്ന് ചേർന്ന ജനസഭയിൽ ഭൂരിപക്ഷ അഭിപ്രായം. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്നതിൽ പുളിക്കക്കണ്ടം കുടുംബം ജനങ്ങൾക്ക് മുന്നൽ ചോദ്യങ്ങൾ വെച്ചിരുന്നു. ദിയ പുളിക്കക്കണ്ടത്തെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ആരുടെ പിന്തുണ വേണമെന്നതായിരുന്നു ഒരു ചോദ്യം. ഇരു മുന്നണികളുടേയും സംസ്ഥാന നേതാക്കൾ ബന്ധപ്പെട്ടെന്നും അധികാരത്തിൽ പങ്കുവേണമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.
23 ന് നിലപാട് പ്രഖ്യാപിക്കുമെന്ന് ബിനു പുളിക്കക്കണ്ടം വ്യക്തമാക്കി. ഇരു മുന്നണികളുമായി ചർച്ച നടത്തുമെന്നും നാടിന് ഗുണം ചെയ്യുന്നവരുമായി ചേരുമെന്നും അദേഹം അദേഹം പറഞ്ഞു. യുഡിഎഫിന് പിന്തുണ നല്കുമ്പോൾ വിമയുടെ പിന്തുണ കൂടി വേണം. എന്നാൽ എൽഡിഎഫിനാണങ്കിൽ ആ പ്രശ്നം ഉണ്ടാകില്ല. ഭൂരിഭാഗവും യുഡിഎഫിനെ പിന്തുണയ്ക്കുന്നു. അത് കൊണ്ട് ആദ്യം യുഡിഎഫുമായി ചർച്ച നടത്തുമെന്ന് ബിനു പുളിക്കക്കണ്ടം അറിയിച്ചു.
ഇതുവരെ ആരോടും ചർച്ച നടത്തിയിട്ടില്ല. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല.എന്നാൽ വാർഡിലെ വോട്ടർമാരോട് സംസാരിച്ച ശേഷമേ തീരുമാനം എടുക്കു എന്നാണ് പറഞ്ഞത്. കാലം കാത്ത് സൂക്ഷിച്ച കാവ്യ നീതി എന്ന പോലെയാണ് വിജയം. ചില സ്ഥാനങ്ങൾക്ക് അർഹത ഉണ്ട് എന്ന് അറിയാം. അർഹതപ്പെട്ടത് നേടി എടുത്തുകൊണ്ട് നഗരസഭയിൽ രാഷ്ട്രീയ ഗതി നമ്മൾ നിയന്ത്രിക്കുമെന്ന് ബിനു പുളിക്കക്കണ്ടം കൂട്ടിച്ചേർത്തു.






