ഉത്തർപ്രദേശിൽ പെൺകുട്ടിയെ ശല്യപ്പെടുത്തിയ ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. ബുദാനിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ ശല്യംചെയ്ത നാല് ആൺകുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. മക്കൾക്ക് നല്ല സംസ്കാരവും ധാർമികമൂല്യങ്ങളും പകർന്നുനൽകാത്തതിന് അമ്മമാരും ഉത്തരവാദികളാണെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റെന്നും പോലീസ് പറഞ്ഞു.
എട്ടാംക്ലാസ് വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. സ്കൂളിലേക്ക് പോകുമ്പോഴും തിരികെവരുമ്പോളും അശ്ലീല കമന്റടിയും ശല്യപ്പെടുത്തലും തുടർന്നതോടെ പെൺകുട്ടി പിതാവിനെ വിവരമറിയിച്ചു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
കുടുംബത്തിന്റെ പരാതിയിൽ ഭാരതീയ ന്യായസംഹിത(ബിഎൻസ്) പ്രകാരവും പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തു. തുടർന്ന് പോലീസ് അന്വേഷണം നടത്തിയതോടെയാണ് ശല്യപ്പെടുത്തിയ ആൺകുട്ടികളെല്ലാം 13 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകുകയും ഇവരെ കേസിൽ അറസ്റ്റ് ചെയ്തെന്നുമാണ് പോലീസിന്റെ വിശദീകരണം.ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചെന്നും പോലീസ് അറിയിച്ചു.
അതേസമയം, കുട്ടികളുടെ പ്രവൃത്തിക്ക് അവരുടെ അമ്മമാരെ അറസ്റ്റ്ചെയ്ത യുപി പോലീസിന്റെ നടപടിക്കെതിരേ നിയമവിദഗ്ധരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.






