ഹർജി പരിഗണിക്കാനിരിക്കെ സിദ്ധിഖ് കാപ്പനെ വീണ്ടും ജയിലിലേക്ക് മാറ്റി; കൊവിഡ് മുക്തനായെന്ന് യുപി സർക്കാർ

 

യുപി പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റുന്നത് തടയാൻ നീക്കവുമായി യുപി സർക്കാർ. മഥുര ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ധിഖിനെ മഥുര ജയിലിലേക്ക് മാറ്റി.

കാപ്പൻ കൊവിഡ് മുക്തനായെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. കാപ്പന് മുറിവേറ്റിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കാപ്പന് ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഭാര്യയും പത്ര പ്രവർത്തക യൂനിയനും സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് യുപി സർക്കാരിന്റെ നീക്കം

യുപി സ്‌പെഷ്യൽ സെക്രട്ടറി പ്രശാന്ത് കുമാറാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കാപ്പനെ ചങ്ങലക്കിട്ടിരുന്നുവെന്ന ആരോപണം സർക്കാർ നിഷേധിച്ചു. യുപിയിലേക്ക് കാപ്പൻ പോയത് ഏത് സംഘടനക്ക് വേണ്ടിയാണോ അവർക്കായുള്ള നിഴൽ യുദ്ധമാണ് പത്രപ്രവർത്തക യൂനിയൻ നടത്തുന്നതെന്നും യുപി സർക്കാർ റിപ്പോർട്ടിൽ പറയുന്നു.