കരൂർ ദുരന്തത്തിൽ നിർണ്ണായക വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. നടനും രാഷ്ട്രീയ നേതാവുമായ വിജയിയുടെ തമിഴക വെട്രി കഴകം (TVK) നടത്തിയ റോഡ് ഷോയ്ക്കിടെ 41 പേർ മരിച്ച സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. സുതാര്യമായ അന്വേഷണം ഉറപ്പാക്കാൻ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അജയ് റസ്‌തോഗിയുടെ മേൽനോട്ടത്തിൽ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. സി.ബി.ഐ. അന്വേഷണത്തിന്റെ മേൽനോട്ട സമിതിയിൽ ജസ്റ്റിസ് അജയ് റസ്‌തോഗിക്ക് പുറമെ രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥരും ഉണ്ടാകും. ഈ ഉത്തരവ് ഡി.എം.കെ. സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
സെപ്റ്റംബർ 29-നാണ് കരൂരിൽ വെച്ച് വിജയിയുടെ പാർട്ടി റാലിയിൽ ദുരന്തമുണ്ടായത്. സംഭവത്തിൽ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നിഷ്പക്ഷമായ സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിവിധ കക്ഷികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന എസ്.ഐ.ടി. (പ്രത്യേക അന്വേഷണ സംഘം) അന്വേഷണത്തിൽ പല കക്ഷികളും അതൃപ്തി പ്രകടിപ്പിച്ചത് കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ.
നേരത്തെ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയിരുന്നു. എന്നാൽ മറ്റൊരു ഹർജി പരിഗണിച്ച ചെന്നൈ ബെഞ്ച് സംഭവത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) രൂപീകരിക്കാൻ ഉത്തരവിട്ടു. ഈ ഉത്തരവുകൾ ചോദ്യം ചെയ്താണ് TVK ഉൾപ്പെടെയുള്ള കക്ഷികൾ സുപ്രീം കോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് എസ്.ഐ.ടി.-യെ നിയമിച്ച നടപടിക്രമങ്ങളിൽ പിഴവുണ്ടെന്ന് സുപ്രീം കോടതി ഹർജി പരിഗണിക്കുന്നതിനിടെ നിരീക്ഷിച്ചിരുന്നു. ദുരന്തത്തിൽ നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള നിർണ്ണായകമായൊരു ഇടപെടലാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്.