ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് വീണ്ടും തിരിച്ചടി: ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി

കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് വീണ്ടും തിരിച്ചടി. ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് വര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സമിതിയുടെ അന്വേഷണം നിയമവിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ ബെഞ്ച്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ പ്രവര്‍ത്തികള്‍ ആത്മവിശ്വാസം നല്‍കുന്നില്ല എന്നും നിരീക്ഷണം .

കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. അന്വേഷണ സമിതിയുടെ രൂപീകരണവും സമിതി പിന്തുടര്‍ന്ന നടപടിക്രമങ്ങളും നിയമവിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ ബെഞ്ച് നിരീക്ഷിച്ചു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നല്‍കിയ റിപ്പോര്‍ട്ട് ഭരണഘടന വിരുദ്ധമല്ലെന്നും ഉത്തരവില്‍ പറഞ്ഞു.

ഹര്‍ജിക്കാരന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ല എന്നും സമിതിയുടെ അന്വേഷണം സമാന്തര നിയമ സംവിധാനം അല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍, ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്തതില്‍ സുപ്രീംകോടതി വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ആ സമയത്ത് യാതൊരു എതിര്‍പ്പും ഉയര്‍ന്നിരുന്നില്ല എന്നായിരുന്നു കോടതിയുടെ നീരിക്ഷണം. ഇതോടെയാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ആവശ്യം സുപ്രീംകോടതി പൂര്‍ണമായി തള്ളിയത്. കഴിഞ്ഞതവണ ഹര്‍ജി പരിഗണിക്കുമ്പോഴും കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷ വിമര്‍ശനം ജസ്റ്റിസ് യശ്വന്ത വര്‍മയ്‌ക്കെതിരെ ഉണ്ടായി. യശ്വന്ത് വര്‍മ്മയുടെ പ്രവര്‍ത്തികള്‍ ആത്മവിശ്വാസം നല്‍കുന്നില്ല എന്നായിരുന്നു വിമര്‍ശനം. ഹര്‍ജി കോടതി തള്ളിയതോടെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികളുമായി കേന്ദ്രത്തിന് മുന്നോട്ട് പോകാന്‍ കഴിയും.