സുപ്രീം കോടതിയിലേക്ക് ഒമ്പത് ജഡ്ജിമാരെ ശുപാർശ ചെയ്ത് കൊളീജിയം; അഖിൽ ഖുറേഷിയെ തഴഞ്ഞു

സുപ്രീം കോടതിയിലേക്ക് എട്ട് ജഡ്ജിമാരെയും ഒരു അഭിഭാഷകനെയും ശുപാർശ ചെയ്ത് കൊളീജിയം. എട്ട് ജഡ്ജിമാരിൽ മൂന്ന് പേർ വനിതകളാണ്. ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ 2027ൽ ഇന്ത്യയിൽ ആദ്യമായി ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകും. ഇതാദ്യമായാണ് ഇത്രയുമധികം ജഡ്ജിമാരെ കൊളീജിയം ഒന്നിച്ച് ശുപാർശ ചെയ്യുന്നത്

കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് കൊളീജിയം ശുപാർശ ചെയ്ത വനിതാ ജഡ്ജിമാർ. ഇത് അംഗീകരിക്കപ്പെടുകയാണെങ്കിൽ സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് ബി വി നാഗരത്‌ന 2027ൽ ഇന്ത്യയുടെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസാകും. കൂടാതെ സുപ്രീം കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം നാലായും ഉയരും

കേരളാ ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി സി ടി രവികുമാറും കൊളീജിയം ശുപാർശ ചെയ്ത പട്ടികയിലുണ്ട്. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ ജെ മഹേശ്വരി, സുപ്രീം കോടതി അഭിഭാഷകൻ പി എസ് നരസിംഹ എന്നിവരാണ് മറ്റുള്ളവർ. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഹിമ കോലിയെ കൊളീജിയം സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്യുന്നത്

സീനിയോറിറ്റി പ്രകാരം സുപ്രീം കോടതി ജഡ്ജിയാകേണ്ട തൃപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷിയെ ഇത്തവണയും പരിഗണിച്ചില്ല. സൊഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ പോലീസ് കസ്റ്റഡിയിൽ വിട്ട ജഡ്ജിയാണ് അദ്ദേഹം.