Headlines

ഓണം കളറാക്കാന്‍ 19,000 കോടി രൂപ വേണം; കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ 11,000 കോടി രൂപ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ധനവകുപ്പ്

നാടെങ്ങും ഓണ ഒരുക്കങ്ങളിലേക്ക് കടക്കുമ്പോള്‍ ആഘോഷം കളറാക്കാനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ ധനവകുപ്പ്. 19,000 കോടി രൂപ ഓണ ചിലവുകള്‍ക്ക് വേണ്ടി മാത്രം വരുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ 11,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഒരു സാമ്പത്തിക വര്‍ഷാവസാനത്തെ ചിലവിന് സമാനമാണ്, ഓണക്കാലത്തെ സര്‍ക്കാരിന്റെ ബാധ്യത. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓണം ബോണസ്, അഡ്വാന്‍സ്, ആഘോഷങ്ങള്‍, ഓണ ചന്ത, കിറ്റ്, ക്ഷേമ പെന്‍ഷന്‍ തുടങ്ങിയ നിരവധി ചിലവുകള്‍ ഉണ്ട്. 19000 കോടി രൂപ ഓണച്ചെലവുകള്‍ക്ക് വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക് കൂട്ടല്‍. കടമെടുപ്പ് പരിധി ഏകദേശം അവസാനിച്ചു കഴിഞ്ഞു. കൂടുതല്‍ കടമെടുക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കനിയണം.

കേന്ദ്രം അനുവദിച്ചാല്‍ ഗ്യാരണ്ടി റിഡംപ്ഷന്‍ ഫണ്ട് ഇനത്തിലെ 3323 കോടി രൂപ മെടുക്കാന്‍ കഴിയും.. ദേശീയപാത വികസനത്തിനായി ചെലവഴിച്ച 6000 കോടി രൂപ പൊതു കടത്തില്‍ നിന്ന് മാറ്റിയാല്‍, വീണ്ടും 6000 അധികമായി കടമെടുക്കാനാകും. ജി.എസ്.ഡി.പി ക്രമീകരിച്ചതില്‍ കുറവ് വന്ന 1877 കോടിയും പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ 11180 കോടിയും വായ്പയെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിന് പുറമേ ഐ.ജി.എസ്.ടി ഇനത്തില്‍ വെട്ടിക്കുറച്ച 965.16 കോടിയും കേരളം കേന്ദ്രത്തോടെ ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പയും ഐ.ജി.എസ്.ടി വിഹിതവും ചേരുമ്പോള്‍ 12145.16 കോടിയാകും. ബാക്കി 6850 കോടി രൂപയിലധികം സംസ്ഥാനം സ്വന്തം നിലയില്‍ സമാഹരിക്കണം. കടം എടുക്കാന്‍ കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് ഓണക്കാല വാഗ്ദാനങ്ങള്‍ അവതാളത്തിലാകും. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ഓണക്കാലം എന്നതിനാല്‍ പ്രതിസന്ധി മറികടക്കുക സംസ്ഥാന സര്‍ക്കാരിന് നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്.