സ്വകാര്യതാ നയം; കേന്ദ്രസര്‍ക്കാര്‍ നോട്ടീസിന് മറുപടി നല്‍കി വാട്‌സ് ആപ്പ്

ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അയച്ച നോട്ടീസിന് മറുപടി നല്‍കി വാട്‌സ് ആപ്പ്. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് നഷ്ടപ്പെടില്ലെന്ന് വാട്ട്‌സ് ആപ്പ് അറിയിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം വാട്‌സ് ആപ്പിന് നോട്ടീസ് അയച്ചിരുന്നു.

മെയ് 15ഓടെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത അക്കൗണ്ടുകള്‍ ക്രമേണ റദ്ദാക്കും എന്നാണ് വാട്ട്‌സ് ആപ്പ് നേരത്തെ അറിയിച്ചിരുന്നത്. ഉപഭോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം നല്‍കി കൊണ്ടിരിക്കാനും കാലാകാലങ്ങളില്‍ അവരെ ഇക്കാര്യം ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കാനുമാണ് തീരുമാനമെന്നും കമ്പനി കേന്ദ്രത്തെ അറിയിച്ചു.

സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി മെയ് 15ല്‍ നിന്നും നീട്ടിയതുകൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും അത്തരത്തില്‍ ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാട്‌സ് ആപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ സ്വകാര്യതാ നയം ഇന്ത്യക്കാരുടെ അവകാശങ്ങളെയും താത്പ്പര്യങ്ങളെയും ഹനിക്കുന്നതാണെന്നും ഇന്ത്യയ്ക്കും യൂറോപ്പിനും രണ്ട് നയങ്ങള്‍ അവതരിപ്പിച്ചത് നിരുത്തരവാദപരമാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശനം.