ഞങ്ങള്‍ നിങ്ങളുടെ സംഭാഷണങ്ങള്‍ ചോര്‍ത്തില്ല; വിവരങ്ങളെല്ലാം സുരക്ഷിതം; സ്റ്റാറ്റസില്‍ ഓര്‍മപ്പെടുത്തലുമായി വാട്‌സ് ആപ്പ്

വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം വ്യക്തിഗത വിവരങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നില്ലെന്ന ചര്‍ച്ചകള്‍ സജീവമാനുന്നതിനിടെ ഉപയോക്താക്കളുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസുകളില്‍ ഓര്‍മപ്പെടുത്തലുമായി കമ്പനി.ഞങ്ങള്‍ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്, ഞങ്ങള്‍ക്ക് നിങ്ങളുടെ സംഭാഷണങ്ങള്‍ വായിക്കുവാനോ കേള്‍ക്കുവാനോ കഴിയില്ല, നിങ്ങള്‍ പങ്കുവയ്ക്കുന്ന ലൊക്കേഷന്‍ വിവരങ്ങള്‍ ഞങ്ങള്‍ കാണുന്നില്ല.

ഞങ്ങള്‍ നിങ്ങളുടെ കോണ്‍ടാക്ട് ഡീറ്റെയ്ല്‍സ് ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുന്നില്ല എന്നിങ്ങനെ നാല് ടെക്സ്റ്റ് ഇമേജുകളാണ് ഉപയോക്താക്കളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ കമ്പനിയുടെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് വരുന്നത്.വാട്‌സ്ആപ്പ് പുതിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചതോടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ കമ്പനി മറ്റ് പലരീതിയിലും ദുരുപയോഗം ചെയ്യുമെന്നും സ്വകാര്യത നഷ്ടപ്പെടുന്നുവെന്നുമുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

ഇതിന് ബദലായി സിഗ്നല്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ പോലും പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതിനിടെ മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പിലാക്കില്ലെന്നും കമ്പനി വിശദീകരണം നല്‍കുന്നു.