ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ നയം പരിഷ്‌കരിച്ചതോടെ വാട്ട്സ് ആപ്പ് വെട്ടിലായി. നയത്തെ ശക്തമായി എതിർക്കുന്നതായി സി എ ഐ ടി അറിയിച്ചു. പുതിയ നയം പ്രകാരം ഒരു വ്യക്തിയുടെ എല്ലാതരത്തിലുമുള്ള വ്യക്തിഗത വിവരങ്ങൾ യാതോരു മറയുമില്ലാതെ മാറുമെന്നും വ്യക്തിഗത ഡാറ്റം വാട്ട്സ് ആപ്പ് പല ആവശ്യത്തിനും ഉപയോഗിക്കുമെന്നതിനാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് സി എ ഐ ടി വ്യക്തമാക്കി.
പുതിയ നയം നടപ്പാക്കാൻ വാട്ട്സ് ആപ്പ് ഒരുങ്ങുകയാണ്. വിഷയത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്നും അല്ലെങ്കിൽ വാട്ട്സ് ആപ്പിനും ഫെയ്സ്ബുക്കിനും വിലക്ക് ഏർപ്പെടുത്തണമെന്നും ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി രവിശങ്കർ പ്രസാദിന് അയച്ച കത്തിൽ സിഐടി ആവശ്യപ്പെട്ടു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഇത്തരത്തിൽ പരസ്യമാക്കുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് മാത്രമല്ല രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ കാര്യമാണ്.
ഉപ്പ് വ്യാപാരം നടത്താനും രാജ്യം ആക്രമിക്കാനും ഇന്ത്യയിലേക്ക് പ്രവേശിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്തിലേക്ക് ഈ തീരുമാനം നമ്മെ കൊണ്ടുപോകുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ, സാമൂഹിക ഘടന മുതലായവയുടെ നട്ടെല്ല് തകർക്കാൻ കഴിയുന്ന നിർണായകമായ ഡാറ്റകൾ ഫേസ്ബുക്ക്- വാട്ട്‌സ് ആപ്പിനും ലഭ്യമാണ്. മറഞ്ഞിരിക്കുന്ന അജണ്ടകൾക്കു പുറമേ ഇന്ത്യയുടെ വ്യാപാരത്തെയും സമ്പദ്‌വ്യവസ്ഥയെയും നിയന്ത്രിക്കാൻ തക്ക വണ്ണം ഫെയ്സ്ബുക്ക് മാറുമെന്നും സി എ ഐ ടി പറഞ്ഞു.
വാട്‌സ് ആപ്പ് അതിന്റെ മാറിയ സ്വകാര്യതാ നയം അടുത്ത മാസം മുതൽ ഇന്ത്യയിൽ നടപ്പിലാക്കും. പുതിയ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ ഇനിമുതൽ വാട്ട്സ് ആപ് ഉപയോഗിക്കാൻ സാധ്യമാവുകയുള്ളു. അല്ലാത്തപക്ഷം മൊബൈലിൽ നിന്ന് വാട്ട്‌സ് ആപ്പ് ഇല്ലാതാക്കേണ്ടി വരും.
വാട്‌സ് ആപ്പിന്റെ സ്വകാര്യതാ നയം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനങ്ങൾക്ക് വിരുദ്ധമാണ്. വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ടേ മതിയാകൂ. സിഐടി ദേശീയ പ്രസിഡന്റ് ബി സി ഭാരതിയും സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
പുതിയ നിബന്ധനകളിലൂടെ, വാട്ട്‌സ് ആപ്പ് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടും അവർക്ക് ആക്സസ് ചെയ്യുവാൻ സാധിക്കും. ഉപയോക്താക്കളെ ട്രാക്ക് ചെയ്യുവാൻ വരെ സാധിക്കും. ഉപയോക്താവിന്റെ സകല ഇടപാടുകളും വാട്ട്സ് ആപ്പിനു ലഭിക്കും. ഇത് അപകടകരമാണെന്നും സി എ ഐ ടി വ്യക്തമാക്കി.