കൊച്ചി: പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്ട്‌സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഐടി നിയമങ്ങള്‍ പാലിക്കാതിരിക്കുന്ന പക്ഷം വാട്ട്‌സ് ആപ്പിനെ നിരോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടന്‍ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ഐടി നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വാട്ട്‌സ് ആപ്പിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാട്ട്‌സ് ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണെന്നും ഡേറ്റയില്‍ കൃത്രിമത്വം നടക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ ഓമനക്കുട്ടന്‍ ചൂണ്ടിക്കാട്ടി.
കൃത്രിമത്വം നടക്കാനുള്ള സാധ്യതയുള്ളതിനാല്‍ വാട്ട്‌സ് ആപ്പുമായി ബന്ധപ്പെട്ടു വരുന്ന കേസുകളില്‍ ഡേറ്റ തെളിവായി സ്വീകരിക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇക്കഴിഞ്ഞ മെയ് 15 മുതലാണ് വാട്ട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിലവില്‍ വന്നത്. ഇത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലും വിദേശത്തും രണ്ട് നയം അവതരിപ്പിച്ചതോടെയാണ് വാട്ട്‌സ് ആപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.