തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുകയും ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ആരാധനാലയങ്ങള്‍ തുറക്കുന്നു. ഇതിന്റെ ഭാഗമായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. പുലര്‍ച്ചെ 3.45 മുതല്‍ 6.15 വരെയും 6.50 മുതല്‍ 7.20 വരെയും ആയിരിക്കും ദര്‍ശനം അനുവദിക്കുക.
ഒരേ സമയം ക്ഷേത്രത്തിനുള്ളില്‍ 15 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഓരോ 10 മിനിറ്റിലും ഓരോ നടകളില്‍ കൂടി മൂന്ന് പേര്‍ക്ക് വീതമായിരിക്കും ദര്‍ശനം അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് ഭക്തരെ പ്രവേശിപ്പിക്കുക. മാസ്‌ക്കും സാമൂഹിക അകലവും ഉറപ്പ് വരുത്തി മാത്രമേ ദര്‍ശനം നടത്താന്‍ അനുവദിക്കുകയുള്ളൂ.
നേരത്തെ, ഗുരുവായൂര്‍ ക്ഷേത്രത്തിലും നാളെ മുതല്‍ ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഒരു ദിവസം 300 പേര്‍ക്ക് ദര്‍ശനം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതി ലഭിക്കുക. പ്രതിദിനം 80 വിവാഹങ്ങള്‍ വരെ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കാനാണ് കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്.