പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്‌സ്ആപ്പ്

 

ന്യൂഡൽഹി:പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയുടെ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പ്രാബല്യത്തിൽ വരുന്നതുവരെ താത്ക്കാലികമായാണ് മരവിപ്പിച്ചത്. പുതിയ സ്വകാര്യത നയം അംഗീകരിക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കില്ലെന്നും വാട്‌സ്ആപ്പ് അറിയിച്ചു. നയത്തിനെതിരെയുള്ള കോംപറ്റീഷൻ കമ്മിഷന്റെ അന്വേഷണത്തിനെതിരെ വാട്‌സ്ആപ്പ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

മെയ് 15നാണ് വാട്‌സ്ആപ്പിന്റെ സ്വകാര്യത നയം നിലവിൽ വന്നത്. ഇത് പ്രകാരം വാട്‌സ്ആപ്പിന്റെ ഉടമസ്ഥ കമ്പനിയായ ഫേസ്ബുക്കിന് ഉപഭോക്താക്കളുടെ ഡേറ്റ കൈമാറാൻ വാട്‌സ്ആപ്പിന് അവകാശമുണ്ട്. ഇതിനെ അംഗീകരിക്കാത്ത ഉപയോക്താക്കളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് നീക്കം ചെയ്യുമെന്നായിരുന്നു നേരത്തെ വാട്‌സ്ആപ്പിന്റെ നിലപാട്. സ്വകാര്യ വിവരങ്ങൾ കൈമാറുന്നത് ഇന്ത്യൻ ഐ.ടി നിയമത്തിന് എതിരാണ്. ഇതിനെതിരെയാണ് കോംപറ്റീഷൻ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചത്.