ദുബായ്∙ യുഎഇയുടെ പ്രാദേശിക പേയ്മെന്റ് കാർഡ് സംവിധാനമായ ജയ്വാന്റെ രാജ്യാന്തര ഉപയോഗം വ്യാപിപ്പിക്കാൻ ഇത്തിഹാദ് പേയ്മെന്റ്സ് ചൈനയുടെ യൂണിയൻ പേ ഇന്റർനാഷനലുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇന്നലെ ഷാങ്ഹായിലെ യൂണിയൻപേ ഇന്റർനാഷനൽ ആസ്ഥാനത്തായിരുന്നു കരാർ ഒപ്പിടൽ.ഇത്തിഹാദ് പേയ്മെന്റ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ സെയ്ഫ് ഹുമൈദ് അൽ ദഹേരിയും യൂണിയൻപേ ചൈന, യൂണിയൻപേ ഇന്റർനാഷനൽ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോങ് ജുൻഫെങ്ങും ധാരണാപത്രത്തിൽ ഒപ്പുവച്ചു. കരാറോടെ ജയ്വാൻ കാർഡ് ഉപയോക്താക്കൾക്ക് 183ലേറെ രാജ്യങ്ങളിലായി 10 കോടിയിലേറെ വിൽപന കേന്ദ്രങ്ങളിലും 18 ലക്ഷം എടിഎമ്മുകളിലും കാർഡ് ഉപയോഗിക്കാനുള്ള സൗകര്യം ലഭിക്കും. യുഎഇക്ക് പുറത്തു ജയ്വാൻ കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾ യൂണിയൻപേ വഴി ഇത്തിഹാദ് പേയ്മെന്റ്സ് നിയന്ത്രിക്കുന്ന എമിറേറ്റ്സ് ഇലക്ട്രോണിക് സ്വിച്ച് സംവിധാനത്തിലേക്ക് കൈമാറും. ഇടപാടുകളുടെ സെറ്റിൽമെന്റ്, പണലഭ്യത, വിദേശനാണയ സേവനങ്ങൾ എന്നിവയ്ക്കായി പ്രത്യേക ധാരണാപത്രവും നിലവിൽ വരും. പ്രാദേശിക കറൻസികളിൽ പേയ്മെന്റ് സെറ്റിൽമെന്റിന്റെ കാര്യക്ഷമത ഉയർത്താനും യുഎഇയുടെ പ്രാദേശിക കാർഡ് സംവിധാനത്തിന്റെ രാജ്യാന്തര മത്സരശേഷിയും പ്രവർത്തന സൗകര്യവും വർധിപ്പിക്കാനും കരാർ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങൾ പുറത്തിറക്കുന്ന ‘ജയ്വാൻ-യൂണിയൻ പേ’ മൾട്ടി-സിസ്റ്റം കാർഡുകളുമായി ബന്ധപ്പെട്ട നിലവിലെ സഹകരണത്തിന്റെ തുടർച്ച കൂടിയാണ് പുതിയ കരാർ. യുഎഇയിലെ ഇടപാടുകൾ ജയ്വാൻ സംവിധാനത്തിലൂടെയും രാജ്യാന്തര ഇടപാടുകൾ യൂണിയൻ പേ ഇന്റർനാഷനൽ ശൃംഖലയിലൂടെയുമാണ് നിലവിൽ നടത്തുന്നത്.







