ദോഹ∙ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിനുള്ള ലൈസൻസിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച 27 ആരോഗ്യപ്രവർത്തകർക്ക് ഖത്തർ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഈ വർഷം ആദ്യ ആറുമാസത്തിനിടെയാണ് വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചവരെ കണ്ടെത്തിയത്. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആരോഗ്യ പ്രഫഷൻസ് വിഭാഗം ഡയറക്ടർ ഡോ. സഅദ് അൽ കഅബി ആണ് നടപടി സംബന്ധിച്ച വിവരം പുറത്തുവിട്ടത്.ആരോഗ്യപ്രവർത്തകരുടെ റജിസ്ട്രേഷൻ, ലൈസൻസിങ് നടപടികളുടെ ആദ്യ ഘട്ടത്തിൽ തന്നെ വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയവും പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപേക്ഷകരുടെ പ്രാഥമിക പരിശോധനയിലൂടെ വ്യാജ രേഖകൾ ലൈസൻസ് അനുവദിക്കുന്നതിന് മുൻപുതന്നെ കണ്ടെത്താൻ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
∙ രേഖകൾ വിദഗ്ധ സ്ഥാപനങ്ങളിലൂടെ പരിശോധിക്കും
അപേക്ഷകർ സമർപ്പിക്കുന്ന അക്കാദമിക് യോഗ്യതകളും പ്രഫഷനൽ പ്രവൃത്തിപരിചയവും പ്രത്യേക സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിശോധിക്കുന്നത്. രേഖകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ യഥാർഥമാണോ എന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. രാജ്യാന്തര ആരോഗ്യപ്രവർത്തകരെ ലൈസൻസ് നൽകുന്ന നടപടികളിൽ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. യോഗ്യതയുള്ളവർക്ക് മാത്രമേ രാജ്യത്ത് സുരക്ഷിതവും നിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങൾ നൽകാൻ അനുമതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഇതിനിടെ ഖത്തർ ആരോഗ്യ സേവന സംവിധാനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ആരോഗ്യ സേവനങ്ങൾ ലഭിക്കാൻ പ്രത്യേക ഹെൽത്ത് കാർഡ് ഇനി നിർബന്ധമല്ല. ആരോഗ്യ നമ്പർ ഖത്തർ ഐഡന്റിറ്റി കാർഡായ ക്യുഐഡിയിൽ തന്നെ ലഭ്യമാക്കുന്ന രീതിയിലേക്ക് സംവിധാനം മാറ്റിയിട്ടുണ്ട്. ഏപ്രിലിലാണ് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. ഖത്തറിലെ ആരോഗ്യമേഖലയിൽ നഴ്സുമാരടക്കമുള്ളവരിൽ വലിയൊരു ശതമാനവും മലയാളികളാണ്.







