ദുബായ്∙ ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സുമായി (ഐആർജിസി) ചേർന്ന് ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ ബഹ്റൈനിൽ രണ്ടുപേർക്ക് ജീവപര്യന്തം തടവ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും ദേശീയ താൽപര്യങ്ങൾക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഇറാൻ റവല്യൂഷനറി ഗാർഡിന്റെ നിർദേശപ്രകാരം പ്രവർത്തിച്ചുവെന്ന കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയത്.പ്രതികൾ ഐആർജിസിയുമായും അതിന്റെ പ്രവർത്തകരുമായും ആശയവിനിമയം നടത്തുകയും ബഹ്റൈന്റെ ദേശീയ താൽപര്യങ്ങൾക്ക് ഹാനികരമായ ശത്രുതാപരവും ഭീകരവുമായ പ്രവർത്തനങ്ങൾക്ക് സഹായം നൽകുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കേസിൽ പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ഇറാനിലെ തീവ്രവാദ സംഘങ്ങളെ പിന്തുണച്ചതിന്റെ പേരിൽ മറ്റു മൂന്നു പേർക്ക് 10 വർഷം ശിക്ഷയും നൽകിയതായി ബഹ്റൈൻ അറിയിച്ചു.
∙ സമൂഹമാധ്യമ അക്കൗണ്ടിൽനിന്ന് അന്വേഷണം, രണ്ടാം പ്രതി ഹാജരാകാതെ വിചാരണ
ബഹ്റൈനെ ലക്ഷ്യമിട്ട ഇറാന്റെ ഭീകരാക്രമണങ്ങൾക്ക് പിന്തുണ പ്രകടിപ്പിക്കുന്ന തരത്തിലുള്ള ഒരു സമൂഹമാധ്യമ അക്കൗണ്ട് സൈബർ ക്രൈം ഡയറക്ടറേറ്റ് കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നയാളെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അക്കൗണ്ട് താനാണ് നിയന്ത്രിച്ചിരുന്നതെന്നും രാജ്യത്തിന് പുറത്തുള്ള മറ്റൊരു പ്രതിയുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും ഇയാൾ സമ്മതിച്ചതായി അധികൃതർ പറഞ്ഞു.
ബഹ്റൈനിൽനിന്നുള്ള വിവിധ സ്ഥലങ്ങളുടെ വിവരങ്ങളും മറ്റും ഇയാൾ പുറത്തുള്ള പ്രതിക്ക് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പ്രോസിക്യൂഷൻ അറിയിച്ചു. പ്രതിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നടത്തിയ ഫൊറൻസിക് പരിശോധന, സാക്ഷിമൊഴികൾ, പ്രതിയുടെ തന്നെ മൊഴികൾ എന്നിവ കുറ്റം തെളിയിക്കുന്നതിന് സഹായകമായി.രാജ്യത്തിന് പുറത്തു തുടരുന്ന രണ്ടാം പ്രതിയെ ഹാജരാകാതെയാണ് വിചാരണ ചെയ്തത്. ഒട്ടേറെ വാദം കേൾക്കലുകൾക്ക് ശേഷമാണ് കേസിൽ വിധി പ്രസ്താവിച്ചത്. പ്രതിക്ക് നിയമപരമായ പ്രതിനിധിയെ നിയോഗിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള നിയമപരമായ സംരക്ഷണങ്ങൾ വിചാരണയ്ക്കിടെ ഉറപ്പാക്കിയിരുന്നുവെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ശത്രുതാപരമായ സ്ഥാപനങ്ങളുമായി നിയമവിരുദ്ധമായി സഹകരിക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യുന്നവർക്കെതിരെ നടപടി തുടരുമെന്ന് ബഹ്റൈൻ അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന് പരമപ്രാധാന്യം നൽകുന്നതായും പ്രോസിക്യൂഷൻ അറിയിച്ചു.







