Headlines

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ നീളുന്നതിനെതിരെയുള്ള പരാതി; റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നീളുന്നതിനെതിരെയുള്ള പരാതിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിചാരണ കോടതിയോടാണ് റിപ്പോർട്ട് ചോദിച്ചത്. മാധ്യമപ്രവർത്തകൻ എംആർ അജയൻ നൽകിയ പരാതിയിലാണ് ഹൈക്കോടതി റിപ്പോർ‌ട്ട് തേടിയത്. ഹൈക്കോടതി രജിസ്ട്രാർ ആണ് മറുപടി നൽകിയത്. 2018ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. എന്നാൽ ഏഴു വർഷമായിട്ടും വിചാരണ നീണ്ടുപോവുകയാണ്. വിചാരണ പൂർത്തിയാക്കുകയോ ശിക്ഷ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

വിചാരണ നടപടി ഇപ്പോഴും പുരോ​ഗമിക്കുന്ന പശ്ചാത്തലത്തിലാണ് പരാതിയുമായി ഹൈക്കോടതിയെ എംആർ അജയൻ സമീപിച്ചത്. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ വെച്ച് നടി ആക്രമണത്തിനിരയായത്. നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളാണ് കേസിലുള്ളത്. 2018 മാർച്ചിലാണ് കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്.