ബിജെപി പ്രതിസ്ഥാനത്ത് നിൽക്കുന്ന കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. പോലീസിൽ നിന്ന് എഫ് ഐ ആർ വിവരങ്ങൾ ഇ ഡി പരിശോധിച്ചു
കേസ് തങ്ങളുടെ പരിധിയിൽ വരുമോയെന്നാണ് ഇ ഡി പരിശോധിക്കുന്നത്. ഈന്തപ്പഴം കടത്തിയെന്ന കേസിൽ വരെ അന്വേഷണം നടത്തിയ ഇ ഡി കുഴൽപ്പണ കേസ് സംബന്ധിച്ച് പരാതി ലഭിച്ചിട്ടും അന്വേഷണത്തിലേക്ക് കടന്നിരുന്നില്ല. തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു മറുപടി.
എന്നാൽ ഹൈക്കോടതിയിൽ ഹർജി എത്തുകയും കോടതി റിപ്പോർട്ട് തേടുകയും ചെയ്തതിന് പിന്നാലെയാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതിയുടെ നിർദേശം.