മാധ്യമവിചാരണ അവസാനിപ്പിക്കണമെന്ന ദിലീപിന്റെ ഹർജി; ഹൈക്കോടതി ഡിജിപിയോട് റിപ്പോർട്ട് തേടി

 

നടിയെ ആക്രമിച്ച കേസിൽ മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിജിപിയോട് റിപ്പോർട്ട് തേടി. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി

എന്നാൽ നിസാര കാര്യങ്ങളാണ് ദിലീപ് ഉന്നയിക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മാധ്യമ റിപ്പോർട്ടുകളെ കുറിച്ച് പരാതിയുണ്ടെങ്കിൽ വിചാരണ കോടതിയെയാണ് ആദ്യം സമീപിക്കേണ്ടതെന്നും പ്രോസിക്യൂഷൻ പറഞ്ഞു

കേസിന്റെ വിചാരണയുടെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളിൽ വരുന്നുവെന്നും ഇത് വിലക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. മാധ്യമ വിചാരണക്ക് വഴിയൊരുക്കുംവിധം കേസിന്റെ വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കാൻ വിചാരണ കോടതി 2018ൽ നിർദേശം നൽകിയിരുന്നു

വിചാരണ നടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടഞ്ഞ് 2020 മാർച്ച് 19ന് ഉത്തരവും നൽകി. ഇതു ലംഘിച്ച് മാധ്യമങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിച്ചുവെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് ദിലീപിൻറെ ഹരജിയിലെ ആവശ്യം.