പ്രവീൺ നെട്ടാരു വധക്കേസ്: പ്രധാന പ്രതിയെ കൊച്ചിയിൽ നിന്ന് പിടികൂടി NIA

 

കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ പ്രധാന പ്രതി കുടക് സ്വദേശി അബ്‌ദുൾ നാസറിനെ കൊച്ചിയിൽ നിന്ന് പിടികൂടി എൻഐഎ. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പള്ളുരുത്തിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വരുന്ന ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരിലെയും കൊച്ചിയിലേയും എൻഐഎ ഉദ്യോഗസ്ഥരുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്.

 

 

പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ ശേഷം അബ്ദുൾ നാസർ കേരളത്തിലേക്കെത്തുകയും കൊച്ചിയിൽ ഒളിവിൽ കഴിയുകയുമായിരുന്നു. കേസിൽ 19 പേർ അറസ്റ്റിലായിരുന്നു. പോപ്പുലർ ഫ്രണ്ടിന് കേസിൽ പങ്കുണ്ടെന്ന് എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. അജണ്ടയുടെ ഭാഗമായിട്ടായിരുന്നു കൊലപാതകമെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു.യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യുട്ടിവ് അംഗം പ്രവീൺ നെട്ടാരുവി(26)നെ സുള്ള്യക്കടുത്ത ബെല്ലാരെയിൽ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2022 ജുലൈ 26നാണ് കൊലപാതകം നടന്നത്. ബെല്ലാരെ ഏരിയയ്ക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീൺ, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ അക്രമികൾ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.