ഉത്തർപ്രദേശിൽ കടയിൽ നിന്ന് വാങ്ങിയ വെള്ളം കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ. കുപ്പിവെള്ളത്തിന് പകരം നൽകിയത് ആസിഡ്. കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് യുപിയിലെ ഹാപൂരിലെ കടയിൽ നിന്ന് അധ്യാപികയായ യുവതി കുപ്പിവെള്ളം വാങ്ങി കുടിച്ചത്.
സീൽ ചെയ്ത കുപ്പിവെള്ളത്തിന് അകത്ത് സാധാരണ വെള്ളത്തിന് പകരം മാരകമായ ആസിഡ് ആയിരുന്നു ഉണ്ടായിരുന്നത്. ജ്വല്ലറിയിൽ കല്യാണ ആവശ്യങ്ങൾക്കായി സ്വർണം എടുക്കാൻ എത്തിയതായിരുന്നു യുവതി. ദാഹം തോന്നിയതിനെ തുടർന്ന് ഇവർ കടക്കാരനോട് കുടിക്കാൻ വെള്ളം ചോദിച്ചു.ജ്വല്ലറിയിൽ വെള്ളം ഇല്ലാതിരുന്നതിനാൽ, തൊട്ടടുത്തുള്ള കടയിലെ ഡീപ് ഫ്രീസറിൽ നിന്ന് തണുപ്പിച്ച, സീൽ ചെയ്ത കുപ്പിവെള്ളം വാങ്ങി നൽകി.
പിന്നീട് നാവും തൊണ്ടയും ആമാശയവും പൊള്ളിയ യുവതി രക്തം ഛർദ്ദിച്ചു. നില അതീവ ഗുരുതരമായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മീററ്റിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ ഹാപൂർ പോലീസ് കേസെടുക്കുകയും വെള്ളം നൽകിയ കടയുടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.







