ഒട്ടിയ വയര്‍ ഉറപ്പാക്കാൻ ബാർലി വെള്ളം

അമിതവണ്ണമുള്ളവര്‍ക്ക് അല്‍പം വെല്ലുവിളിയാകുന്നൊരു കാര്യമാണ് അവരുടെ ശരീരഭാരം കുറയ്ക്കുന്നത്. പ്രത്യേകിച്ച്, വയറിലെ കൊഴുപ്പില്‍ നിന്ന് മുക്തി നേടുന്നതും കൂടുതല്‍ വെല്ലുവിളിയായേക്കാം. ധാരാളം ആളുകള്‍ അവരുടെ തടിയെക്കുറിച്ച് ഭയപ്പെടുന്നു. ഏതു വഴികളിലൂടെ തടി കുറച്ചെടുക്കാം എന്നു ചിന്തിക്കുന്നു. ശരീരഭാരം കുറയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സമീകൃതാഹാരവും ശരിയായ വ്യായാമ വ്യവസ്ഥയും ഉണ്ടെങ്കില്‍ മാത്രമേ ഇത് നടക്കൂ. വളരെ നിര്‍ണായകമായ ഈ രണ്ട് ഘടകങ്ങളെ നിങ്ങള്‍ക്ക് ഒരുതരത്തിലും തള്ളിക്കളയാനാവില്ല. ശരീരഭാരം കുറയ്ക്കാനുള്ള യാത്രയുടെ ആദ്യപടിയാണ് മെച്ചപ്പെട്ട ദഹനവ്യവസ്ഥ. ഭക്ഷണത്തിലെ ചില മാറ്റങ്ങളിലൂടെ ദഹനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഒരാള്‍ക്ക് ശരീരഭാരം കുറയ്ക്കാനും ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കഴിയും.

എന്നാല്‍ അമിതവണ്ണം പ്രശ്‌നമായവര്‍ വിഷമിക്കേണ്ട, നിങ്ങള്‍ക്കുള്ള പരിഹാരം ബാര്‍ലി വെള്ളത്തിലുണ്ട്. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഉത്തമ പാനീയമാണിത്. ഫൈബര്‍ അടങ്ങിയ ധാന്യമാണ് ബാര്‍ലി. ബാര്‍ലി വെള്ളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പല തരത്തിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാനും ബാര്‍ലി വളരെയധികം ഗുണം ചെയ്യും. ബാര്‍ലി വെള്ളം എങ്ങനെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ ഉപകരിക്കുന്നുവെന്നും ഇതെങ്ങനെ ഉപയോഗിക്കാമെന്നും ഈ ലേഖനത്തിലൂടെ വായിക്കാം.

ശരീരഭാരം കുറയ്ക്കാന്‍ ബാര്‍ലി വെള്ളം

ഓട്‌സ്, ഗോതമ്പ്, ധാന്യങ്ങള്‍ എന്നിവ പോലെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യമാണ് ബാര്‍ലിയും. ഇത് നിങ്ങളെ കൂടുതല്‍ നേരം വിശപ്പുരഹിതമായി നിലനിര്‍ത്തുന്നു. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ബാര്‍ലിയിലെ ഫൈബര്‍ മികച്ച ദഹനത്തിന് സഹായിക്കുകയും മലബന്ധം, മറ്റ് ദഹന പ്രശ്‌നങ്ങള്‍ എന്നിവ തടയുകയും ചെയ്യുന്നു. അതുവഴി നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

കലോറി കുറവ്

മറ്റു ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാര്‍ലിയില്‍ കൊഴുപ്പും കലോറിയും കുറവാണ്. നല്ല അളവില്‍ പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് കുറയ്ക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഗുണം ചെയ്യുന്നു. ഈ ഗുണങ്ങളെല്ലാം ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്കാനുള്ള നിങ്ങളുടെ ഡയറ്റിന് അനുയോജ്യമായ ഭക്ഷണമായി ബാര്‍ലിയെ മാറ്റുന്നു.

ബാര്‍ലി വെള്ളം എങ്ങനെ തയാറാക്കാം

ആദ്യം ബാര്‍ലി നന്നായി വെള്ളത്തില്‍ കഴുകിയെടുക്കുക. ശേഷം കുറഞ്ഞത് 4 മണിക്കൂര്‍ വരെ ഇത് വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞശേഷം ഒരു കപ്പ് കുതിര്‍ന്ന ബാര്‍ലിയില്‍ 3-4 ഗ്ലാസ് എന്ന തോതില്‍ വെള്ളം ചേര്‍ക്കുക. ഇത് തിളപ്പിക്കാന്‍ വയ്ക്കുക. ബാര്‍ലി നന്നായി വെന്ത് പാകമാകുന്നതുവരെ മൂടിവച്ചയ്ക്കുക. ശേഷം തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം വെള്ളം പാത്രത്തില്‍ നിന്നും വെള്ളം ഊറ്റിയെടുക്കുക. രുചി വര്‍ധിപ്പിക്കാനായി നിങ്ങള്‍ക്ക് ഒരു സ്പൂണ്‍ നാരങ്ങനീര് അല്ലെങ്കില്‍ ഓറഞ്ച് ജ്യൂസ് അല്ലെങ്കില്‍ വാനില എസ്സന്‍സ് എന്നിവ നിങ്ങള്‍ക്ക് ചേര്‍ക്കാവുന്നതാണ്. മധുരം വേണമെങ്കില്‍ 2 ടീസ്പൂണ്‍ തേനും ചേര്‍ക്കാം.

എങ്ങനെ കഴിക്കാം

തയാറാക്കിയ ബാര്‍ലി വെള്ളം നിങ്ങള്‍ക്ക് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്നതാണ്. കാരണം ഇത് വളരെനേരം നിലനില്‍ക്കും. മാത്രമല്ല, ബാര്‍ലി വെള്ളം തണുത്തതാണ് ശരീരത്തിനും നല്ലത്. ശരീരഭാരം കുറയ്ക്കുന്നതുള്‍പ്പെടെ ആരോഗ്യഗുണങ്ങള്‍ നേടുന്നതിനായി ഒരു ദിവസം 3 ഗ്ലാസ് ബാര്‍ലി വെള്ളം കുടിക്കുക. ബാര്‍ലി വെള്ളം ഉണ്ടാക്കുവാനായി ഉപയോഗിച്ച ബാര്‍ലി സൂപ്പുണ്ടാക്കാനോ, സ്റ്റൂ ഉണ്ടാക്കാനോ മറ്റോ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ശ്രദ്ധിക്കുക, നിങ്ങളുടെ ഭാരം കുറയ്ക്കുന്ന ഭക്ഷണത്തില്‍ ബാര്‍ലി ഉള്‍പ്പെടുത്തുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുന്നത് ഉത്തമമായിരിക്കും.

ബാര്‍ലി വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യകരമായ പാനീയങ്ങളുടെ കൂട്ടത്തില്‍ ബാര്‍ലി വെള്ളത്തിന് ഉയര്‍ന്ന സ്ഥാനമുണ്ട്. കാരണം ഇവ അവശ്യ പോഷകങ്ങള്‍ അടങ്ങിയതാണ്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ നല്ല ഉറവിടമാണ് ബാര്‍ലി. വിറ്റാമിനുകള്‍, അവശ്യ ധാതുക്കള്‍ (കാല്‍സ്യം, ഇരുമ്പ്, മാംഗനീസ്, മഗ്‌നീഷ്യം, സിങ്ക്, ചെമ്പ്), ആന്റി ഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കല്‍സ് എന്നിവ ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത കുറയ്ക്കുമെന്നും പറയുന്നു. ബാര്‍ലി വെള്ളത്തിന്റെ മറ്റു ഗുണങ്ങള്‍ ഇതാ.

വിഷാംശം ഇല്ലാതാക്കുന്നു

ബാര്‍ലി വെള്ളത്തിന്റെ പതിവ് ഉപയോഗത്തിലൂടെ നിങ്ങളുടെ ശരീരത്തില്‍ നിന്നും കുടലില്‍ നിന്നും വിഷവസ്തുക്കളെ മൂത്രനാളിയിലൂടെ പുറന്തള്ളാന്‍ സഹായിക്കുന്നു. ബാര്‍ലിയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കന്‍സ് എന്ന പഞ്ചസാരയാണ് ഈ പ്രക്രിയയെ പ്രേരിപ്പിക്കുന്നത്. അതിനാല്‍ ഇത് ശരീരത്തിന്റെ ആന്തരിക ശാരീരിക വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.

മൂത്രനാളി അണുബാധയ്ക്ക് പരിഹാരം

മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് പ്രതിവിധിയാണ് ബാര്‍ലി. ബാര്‍ലി വെള്ളം ഒരു ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത് മൂത്രനാളിയിലെ അണുബാധയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല കുട്ടികളും മുതിര്‍ന്നവര്‍ക്കും ദിവസേന ബാര്‍ലി വെള്ളം കുടിക്കുന്നത് അണുബാധ കുറയ്ക്കുന്നതിനു പരിഹാരമാണ്. മൂത്രത്തില്‍ കല്ലിനും പരിഹാരമായി ബാര്‍ലി വെള്ളത്തെ കണക്കാക്കുന്നു.

ദഹനപ്രശ്‌നങ്ങള്‍ നീക്കുന്നു

ആയുര്‍വേദത്തില്‍, ദഹന പ്രക്രിയയെ സുഗമമാക്കുന്നതിന് സഹായിക്കുന്ന ദഹനരസമായി ബാര്‍ലി വെള്ളത്തെ കണക്കാക്കപ്പെടുന്നു. കൂടിയ അളവില്‍ നാരുകള്‍ അടങ്ങിയതാണ് ബാര്‍ലി. ഇത് ദഹനം നല്ല രീതിയില്‍ നടക്കുന്നതിനു സഹായിക്കുന്നു. അതിസാരം, മലബന്ധം, മൂലക്കുരു, ആമാശയവീക്കം എന്നിങ്ങനെയുള്ള ആമാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള മികച്ച പ്രതിവിധി കൂടിയാണ് ബാര്‍ലി വെള്ളം. ബാര്‍ലിയില്‍ അവശ്യ ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ശരീരത്തിന്റെ വിവിധ പ്രക്രിയകള്‍ക്കും ഗുണം ചെയ്യുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഉത്തമ പാനീയമാണ് ബാര്‍ലി വെള്ളം. ഫൈബര്‍, ബീറ്റാ ഗ്ലൂക്കണ്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ബാര്‍ലി. ഹൃദ്രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ തടയാന്‍ ബാര്‍ലി വെള്ളം സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

ബീറ്റാ ഗ്ലൂക്കാന്‍, ബി വിറ്റാമിനുകള്‍, ഇരുമ്പ്, കാത്സ്യം, കോപ്പര്‍ തുടങ്ങി ഒട്ടനവധി മൂലകങ്ങളുടെ കലവറയാണ് ബാര്‍ലി വെള്ളം. ഇവ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പലവിധത്തിലുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്നത് നമ്മുടെ രോഗപ്രതിരോധ ശക്തിയാണ്. അതിനാല്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ ഫലപ്രദമാണ് ബാര്‍ലി വെള്ളം. വിളര്‍ച്ച, ക്ഷീണം മുതലായ ആരോഗ്യ അവസ്ഥകളെ പ്രതിരോധിക്കാനും ബാര്‍ലി വെള്ളത്തിലെ ഇരുമ്പ്, കോപ്പര്‍ തുടങ്ങിയവ ഗുണം ചെയ്യും.

ആരോഗ്യ ഗുണങ്ങള്‍

ബാര്‍ലിക്ക് അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. രക്താതിമര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം, ആസ്ത്മ, പിത്തസഞ്ചി ബലഹീനത തുടങ്ങി ഗുരുതരമായ പല അവസ്ഥകളും ഉണ്ടാകാനുള്ള സാധ്യത തടയാനോ കുറയ്ക്കാനോ ബാര്‍ലി സഹായിക്കും. ഗര്‍ഭിണികള്‍ക്ക് അസ്വസ്ഥതകള്‍ അകറ്റാനും ചര്‍മ്മത്തെ മെച്ചപ്പെടുത്താനു ബാര്‍ലി സഹായിക്കും.