ആലപ്പുഴ ∙ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ചവരെ മർദിച്ചത് ഔദ്യോഗിക കൃത്യനിർവഹണമായിരുന്നെന്നു പ്രതികളുടെ മൊഴി. പിണറായിയുടെ മുൻ ഗൺമാനും സുരക്ഷാസംഘത്തിലെ അംഗങ്ങളുമാണ് ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫിസിലെ ചോദ്യം ചെയ്യലിൽ മൊഴി നൽകിയത്. മർദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ മുൻപരിചയമില്ല. ഇവരെ മർദിക്കണമെന്ന് ആരും നിർദേശിച്ചിട്ടില്ല. മുഖ്യമന്ത്രിക്കു സുരക്ഷാഭീഷണിയുള്ളതിനാലാണ് പ്രതിഷേധം നിയന്ത്രിക്കാൻ ഇറങ്ങിയത്.പൊലീസ് വകുപ്പിൽ നിന്നു ലഭിച്ച ലാത്തിയാണ് ഉപയോഗിച്ചത്.
ഇത് ഡ്യൂട്ടി അവസാനിച്ചപ്പോൾ തിരിച്ചുനൽകിയെന്നും പ്രതികൾ മൊഴി നൽകി. ഗൺമാനായിരുന്ന എസ്.അനിൽകുമാർ, എസ്.സന്ദീപ്, വി.കെ.ഷൈജു, ആർ.അരുൺ, വി.വി.വിപിൻ എന്നിവരെയാണ് ഇന്നലെ ചോദ്യം ചെയ്തത്. 11 മുതൽ മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന ജാമ്യ ഉപാധിയനുസരിച്ചാണ് 5 പ്രതികളും ഹാജരായത്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഇവരെ ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്താൽ വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നു കോടതി നിർദേശിച്ചിരുന്നു. എന്നാൽ അറസ്റ്റ് ചെയ്തില്ല. ചോദ്യം ചെയ്യൽ ഇന്നും തുടരും. തന്നെ കേസിൽ പെടുത്തിയതാണെന്ന് അനിൽകുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു. മുൻ അന്വേഷണസംഘം പല തവണ നോട്ടിസ് നൽകിയെങ്കിലും അനിൽകുമാറും എസ്. സന്ദീപും ചോദ്യം ചെയ്യലിനു ഹാജരായിരുന്നില്ല. ഒടുവിൽ അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി പേരിന് മൊഴി രേഖപ്പെടുത്തുകയായിരുന്നു.
ആ ലാത്തി എവിടെ?
വിവാദസംഭവത്തിൽ മർദനത്തിന് ഉപയോഗിച്ച ലാത്തികൾ അന്വേഷണസംഘം കണ്ടെത്തിയിട്ടില്ല. ലാത്തികൾ പ്രതികൾ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട് എന്നതിനാൽ അവ കണ്ടെടുക്കാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ആവശ്യമില്ലെന്നായിരുന്നു മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ കോടതി പറഞ്ഞത്. എന്നാൽ ലാത്തികൾ പ്രതികൾ ഹാജരാക്കിയിട്ടില്ല. ഡ്യൂട്ടി അവസാനിച്ചപ്പോൾ ബന്ധപ്പെട്ട പൊലീസ് യൂണിറ്റിൽ മടക്കി നൽകിയെന്നാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്. ബന്ധപ്പെട്ട പൊലീസ് യൂണിറ്റിലെ ഇൻവെന്ററി റജിസ്റ്റർ പരിശോധിച്ചാൽ സംഭവദിവസം ഉപയോഗിച്ച ലാത്തികൾ ഏതാണെന്നു കണ്ടെത്താൻ കഴിയുമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. സമാനമായ മൊഴിയാണ് ഇന്നലെ പ്രതികൾ ആവർത്തിച്ചത്.







