തിരുവനന്തപുരം: എ എ റഹീം എംപിയ്ക്കെതിരായ വ്യാജ ഫേസ്ബുക്ക് പോസ്റ്റുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സൈബര്‍ ക്രൈം പൊലീസ്. എ എ റഹീം നല്കിയ പരാതിയിലാണ് നടപടി. അസത്യവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കേസ്. ശ്രീകാന്ത് പളളിക്കത്തോട്, റിയാസ് തത്തോത്ത് എന്നിവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി. അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്ന് പൊലീസ് അറിയിച്ചു.
ലഹരി മാഫിയകള്‍ക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷന് തൂഫാന്’ നടപടിയില്‍ അറസ്റ്റിലാവുന്നത് മുഴുവന്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ, സിപിഐഎം പ്രവര്‍ത്തകരാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്നും എ എ റഹീം പറഞ്ഞു എന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലുണ്ടായ വ്യാജ പ്രചാരണം. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും എംപിയെ അപകീര്‍ത്തിപ്പെടുത്താനുമാണ് പ്രതികള്‍ ശ്രമിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2026 ജൂണ്‍ ഒന്നിനും ഒന്‍പതിനും ഇടയിലാണ് വ്യാജ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ബിഎന്‍എസ് പ്രകാരം വിവിധ വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്താണ് പൊലീസ് കേസെടുത്തത്.








