രാഹുലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ഹണി ഭാസ്‌കരന്റെ പരാതിയില്‍ 9 പേര്‍ക്കെതിരെ എഫ്‌ഐആര്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 9 പ്രതികള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. തന്റെ വ്യക്തിത്വത്തെ ഇടിച്ചുതാഴ്ത്തുന്ന വിധത്തിലുള്ള കമന്റുകളാണ് തനിക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നേരിടേണ്ടി വരുന്നതെന്നാണ് ഹണി ഭാസ്‌കരന്റെ പരാതി. സൈബര്‍ ആക്രമണത്തെക്കുറിച്ച് ഇന്നലെയാണ് ഹണി ഭാസ്‌കരന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വെളിപ്പെടുത്തലിന് പിന്നാലെ നേരിടുന്നത് ഭീകരമായ സൈബര്‍ ആക്രമണമെന്ന് ഹണി പറഞ്ഞു. ഇത്രയും ഭീകരമായ സൈബര്‍ ആക്രമണം നേരിടുന്നത് ആദ്യമായാണെന്നും സമൂഹമാധ്യമങ്ങളില്‍ താന്‍ പങ്കുവെച്ച ചിത്രങ്ങള്‍ ദുരുപയോഗിക്കുന്നുവെന്നും ഹണി പറഞ്ഞു.

സൈബര്‍ ആക്രമണത്തിനെതിരെ ഹണി ഭാസ്‌കരന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരാതിരിക്കാനാണ് ഇത്തരം ഭീഷണികളെന്നാണ് കരുതുന്നതെന്ന് ഹണി പറയുന്നു. താന്‍ ഈ അക്രമത്തെ നേരിടും. പക്ഷേ തന്റെ ചുറ്റിലുമുള്ളവരുടെ അവസ്ഥ അങ്ങനെയല്ല. ഇരകളാക്കപ്പെട്ടവര്‍ മുന്‍പോട്ടു വരണമെന്ന് ആവശ്യപ്പെടുന്നവര്‍ വെളിപ്പെടുത്തല്‍ നടത്തിയാല്‍ വേട്ടക്കാര്‍ക്ക് ഒപ്പം നില്‍ക്കുന്നുവെന്നും ഹണി കൂട്ടിച്ചേര്‍ത്തു.