കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ കെപിസിസി നേതൃത്വം പ്രതികരിക്കണമെന്ന് ഫേസ്ബുക്ക് കുറുപ്പിലാണ് യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയില്‍. ഹീനമായ സൈബര്‍ ആക്രമണത്തില്‍ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി നേതൃത്വം പ്രതികരിക്കാത്തത് നിരാശാജനകമാണെന്നും മുഖംമൂടി സംഘത്തെ ഭയന്ന് മിണ്ടാതിരിക്കാനാണ് തീരുമാനമെങ്കില്‍ ഇതുതന്നെയാകും നാളെ പാര്‍ട്ടിയിലെ കീഴ്വഴക്കമെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. ഹൈക്കമാന്റിനെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി കാര്യം സാധിക്കാം എന്ന് കരുതുന്ന സൈബര്‍ ഗുണ്ടകള്‍ക്ക് കൊത്തിപ്പറിക്കാനുള്ള ആളല്ല കെസി വേണുഗോപാലെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
കെ സി വേണുഗോപാലിനെ കല്ലെറിയുന്നവരോടാണ്. ആസൂത്രിതമായ പി.ആര്‍. സൈബര്‍ ആക്രമണത്തിന് ഇരയാകാന്‍ മാത്രം എന്തു തെറ്റാണ് ആ മനുഷ്യന്‍ ചെയ്തത്. നിങ്ങളുടെ ഈ സൈബര്‍ ഗുണ്ടായിസം കൊണ്ട് ഇല്ലാതാകുന്നതാണോ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലം കൊണ്ട് ഈ പാര്‍ട്ടിക്കു വേണ്ടി കെസി ഒഴുക്കിയ ചോരയും വിയര്‍പ്പും,അധ്വാനവും.
കേരളത്തിലെ ഏറ്റവും ജനകീയരായ എംഎല്‍എമാരില്‍ ഒരാളായിരുന്നു 2009 വരെ കെ സി വേണുഗോപാല്‍. 2009 ല്‍ ആലപ്പുഴ പാര്‍ലമെന്റ് സീറ്റ് തിരിച്ചു പിടിക്കാന്‍ കെ സി തന്നെ മല്‍സരിക്കണം എന്ന് പാര്‍ട്ടി പറഞ്ഞപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തിലെ തന്റെ എല്ലാ താല്‍പര്യങ്ങളും മാറ്റിവച്ച് പാര്‍ട്ടി പറഞ്ഞത് അനുസരിച്ച് അയാള്‍ എംപിയായി ഡല്‍ഹിക്കു പോവുകയായിരുന്നു. അന്ന് കേരളത്തില്‍ നില്‍ക്കണമെന്ന് കെ.സി ശഠിച്ചിരുന്നോ ? ഇല്ലല്ലോ കാരണം അയാള്‍ക്ക് അന്നും ഇന്നും എന്നും പ്രധാനം പാര്‍ട്ടിയാണ്. സംഘടനയാണ്. ആ സംഘടനയുടെ തീരുമാനങ്ങളാണ്.
കെ സി വേണുഗോപാലിനെതിരെ പിആര്‍ ഏജന്‍സികളിലൂടെ മുഖമില്ലാത്ത ഗുണ്ടകളെ ഉപയോഗിച്ച് നടക്കുന്ന ഈ ആസൂത്രിത സൈബര്‍ ആക്രമണത്തിനെതിരെ ഉത്തരവാദപ്പെട്ട പാര്‍ട്ടി നേതൃത്വം പ്രതികരിക്കണം. കെ.സിക്കെതിരായ ഇപ്പോഴത്തെ സൈബര്‍ ആക്രമണം അസൂത്രിതമാണെന്ന് ബോധ്യപ്പെട്ടിട്ടും അതിനെതിരെ ഒരക്ഷരം പോലും പറയാത്ത ഉത്തരവാദിത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ മൗനം നിരാശജനകമാണ്.
ഈ മുഖം മൂടി സംഘത്തെ ഭയന്ന് മിണ്ടാതിരിക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ ഇത് തന്നെ ആകും നാളെയും ഈ പാര്‍ട്ടിയിലെ കീഴ്വഴക്കം.മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കട്ടെ. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി കാര്യം സാധിക്കാമെന്ന് കരുതുന്ന ഈ സൈബര്‍ ഗുണ്ടകള്‍ക്ക് കൊത്തിപ്പറിക്കാനുള്ള ആളല്ല കെസി വേണുഗോപാല്‍.






