Headlines

നിക്ഷേപിച്ചത് 2500 കോടി, ഇപിഎഫ്ഒയ്ക്ക് 1816 കോടിയും നഷ്ടം, അനിൽ അംബാനിക്കെതിരെ പുതിയ കേസ്

 

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) 1816 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ നിക്ഷേപത്തട്ടിപ്പിൽ റിലയൻസ് ക്യാപ്പിറ്റൽ ലിമിറ്റഡിനും (ആർസിഎൽ) അനിൽ അംബാനിക്കും എതിരെ സിബിഐ കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

 

2013, 14 വർഷങ്ങളിൽ ആർസിഎൽ പുറത്തിറക്കിയ നോൺ കൺവർട്ടബിൾ ഡിബഞ്ചറിൽ (എൻസിഡി–ഓഹരിയാക്കി മാറ്റാൻ പറ്റാത്ത കടപ്പത്രം) ഇപിഎഫ്ഒ 2500 കോടി രൂപ നിക്ഷേപിച്ചിരുന്നു. 10 വർഷമാകുമ്പോൾ 2023, 24 വർഷങ്ങളിൽ ലഭിക്കേണ്ട തുകയിൽനിന്ന് 1816.22 കോടി രൂപ നഷ്ടപ്പെട്ടുവെന്ന ഇപിഎഫ്ഒയുടെ പരാതിയിലാണ് കേസെടുത്ത്. നിക്ഷേപിച്ച തുകയിൽനിന്ന് 1007.55 കോടിയും പലിശയായി ലഭിക്കേണ്ടിയിരുന്ന 808.67 കോടിയും ഉൾപ്പെടെയാണ് ഇത്രയും തുക നഷ്ടമായതെന്ന് പരാതിയിൽ പറയുന്നു.തൊഴിലാളികളുടെ ശമ്പളത്തിൽനിന്നു പിടിക്കുന്ന തുകയും തൊഴിലുടമയുടെ വിഹിതവുമാണ് ഇപിഎഫ്ഒയുടെ മൂലധനം. ഈ തുക നിക്ഷേപിച്ചാണ് തൊഴിലാളികളുടെ നിക്ഷേപത്തിന് മികച്ച പലിശ നൽകുന്നതും പെൻഷൻ ഉൾപ്പെടെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതും. പൊതുമേഖലയിലെ ഉൾപ്പെടെ ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് ശതകോടികളുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ റിലയൻസ് കമ്യൂണിക്കേഷൻസ് (ആർ കോം), റിലയൻസ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ), റിലയൻസ് കമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് (ആർസിഎഫ്എൽ), റിലയൻസ് ടെലികോം ലിമിറ്റഡ് (ആർടിഎൽ) എന്നിവയ്ക്കെതിരെയും സിബിഐ നേരത്തേ കേസെടുത്തിരുന്നു.

 

തൊഴിലാളികളുടെ ആശങ്ക ശരിയായി

ന്യൂഡൽഹി ∙ ഇപിഎഫ്ഒയിലെ നിക്ഷേപത്തട്ടിപ്പിൽ സിബിഐ കേസെടുത്തതോടെ തൊഴിലാളികളുടെ ആശങ്കകൾ ശരിവയ്ക്കപ്പെടുന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ തുക ഉത്തരവാദിത്തത്തോടെയല്ല കൈകാര്യം ചെയ്യുന്നതായിരുന്നു അവരുടെ നിലപാട്. ക്ലെയിം തീർപ്പാക്കൽ വൈകുന്നതും ഉയർന്ന പെൻഷൻ സംബന്ധിച്ച സുപ്രീംകോടതി വിധികൾ അട്ടിമറിക്കപ്പെടുന്നതും തൊഴിലാളി സംഘടനകൾ മുൻപേ ചൂണ്ടിക്കാട്ടിയിരുന്നു. 2025 മാർച്ച് വരെ 28.34 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇപിഎഫ്ഒയിലുള്ളത്. ഇതിന്റെ 82.7 ശതമാനവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടപത്രങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ലിക്വിഡ് ഇക്വിറ്റി ഇടിഎഫുകളിൽ 9.5% മാത്രമാണുള്ളത്.