ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ ഇന്നും രാജ്യതലസ്ഥാനം കലുഷിതമാകും. ജന്തർ മന്തർ പ്രതിഷേധം തുടരാൻ കോക്രോച്ച് ജനതാ പാർട്ടിയും, ഇടതു വിദ്യാർഥി-യുവജന സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്കെ ഉൾപ്പെടെ മൂന്ന് സിജെപി നേതാക്കൾ എവിടെയെന്നതിൽ ഡൽഹി പൊലീസ് വ്യക്തത വരുത്തിയില്ല.
നാളെ ഇന്ത്യാസഖ്യം എംപിമാരുടെ പ്രതിഷേധം തുടരും. യൂത്ത് കോൺഗ്രസും ഇന്ന് പ്രതിഷേധവുമായിറങ്ങും. ഏഴായിരത്തോളം പേരെയാണ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഏർപ്പെടുത്തിയ കനത്ത സുരക്ഷ തുടരും. മെട്രോയും ജന്തർ മന്തറിലെ ഇന്റർനെറ്റും പുനഃസ്ഥാപിച്ചിട്ടില്ല. ഇന്നലെ പ്രതിഷേധക്കാർക്ക് എതിരെയുണ്ടായ പൊലീസ് നടപടിയെ ചോദ്യം നൽകിയ ഹർജി സുപ്രീംകോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിക്കും. ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചിയുടേയും വി മോഹനയുടേയും സ്പെഷ്യൽ ബെഞ്ചാണ് വാദം കേൾക്കുന്നത്.
Advertisement
ഡൽഹി പൂർണമായി അടച്ചിടരുതെന്നും നിയന്ത്രിതമായ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നുമാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിനോട് നിർദേശിച്ചിരുന്നത്. എന്നാൽ ഇന്ന് 47ലേറെ മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ബാരിക്കേഡുപയോഗിച്ച് ഗതാഗതം തടസപ്പെടുത്തുകയും ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്ത വിഷയങ്ങൾ അടക്കമാണ് കോടതിയ്ക്ക് മുന്നിലേക്ക് നാളെ എത്തുക. സുപ്രീംകോടതിയുടെ ഇന്നലത്തെ ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയ്ക്ക് ഉൾപ്പെടെ എതിരായാണ് കോടതി അലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചുകൊണ്ടാണ് ഇന്ന് പ്രത്യേക സിറ്റിങ് ഏർപ്പെടുത്തിയിരിക്കുന്നത്.








