Headlines

ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യത്തിൽ രാജ്യതലസ്ഥാനം സമരകലുഷിതം; യുവജന-വിദ്യാർഥി സംഘടനകളുടെ മാർച്ച് പൊലീസ് തടഞ്ഞു

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യത്തിൽ രാജ്യതലസ്ഥാനം സമരകലുഷിതം. ഡൽഹിയിലെ ജന്തർ മന്തറിലേക്ക് യുവജന-വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ഇന്ത്യാസഖ്യത്തിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കമായി. ഉച്ചതിരിഞ്ഞാണ് മുംബൈയിൽ കോക്രോച്ച് ജനാതാ പാർട്ടിയുടെ ജയിൽനിറയ്ക്കൽ സമരം.

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ജന്തർ മന്തറിൽ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ജന്തർ മന്തറിലേക്കെത്തിയ ആംആദ്മി പാർട്ടി പ്രവർത്തകരേയും പൊലീസ് തടഞ്ഞു. NSUI, ഐസ തുടങ്ങിയ വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായെത്തി.ബാരിക്കേഡുകൾ വച്ചും മെട്രോ അടച്ചും സമരക്കാരെ പൊലീസ് തടഞ്ഞു. ഇന്റർനെറ്റും വിച്ഛേദിച്ചു. എന്നാൽ ഇതു കണക്കിലെടുക്കാതെ പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ ജന്തർ മന്തറിലേക്ക് ചെറു സംഘമായും കൂട്ടമായും എത്തുകയായിരുന്നു. ജില്ലാ കളക്ട്രേറ്റുകളിലേക്ക് ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച് പ്രതിഷേധമാർച്ചുകൾക്ക് ഇന്ന് തുടക്കമായി. വൈകിട്ട് മുംബൈ ദാദറിലെ ശിവാജി പാർക്കിലാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ ജയിൽ നിറയ്ക്കൽ സമരം.