മലയിൻകീഴ്∙ എല്ലാവരും അന്ന എന്നു വിളിച്ചിരുന്ന ഇവാന ലോകം എന്തെന്ന് അറിഞ്ഞു തുടങ്ങുന്നതിനു മുന്നേ കണ്ണീരോർമയായി. സംഭവത്തിൽ അമ്മ തന്നെ പിടിയിലായതിന്റെ നടുക്കത്തിലാണ് നാട്. വിളവൂർക്കൽ പൊറ്റയിൽ ഒരു വർഷവും ഒരു മാസവും പ്രായമുള്ള ഇവാന കൊല്ലപ്പെട്ടത് മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിലാണ്.
കുന്നുകുഴി സ്വദേശിയായ ക്രിസ്റ്റിയും അഭിജിത്തും തമ്മിലുള്ള വിവാഹം 4 വർഷം മുൻപായിരുന്നു. കഴിഞ്ഞ വർഷമാണ് ഇവർക്കു കുഞ്ഞു ജനിച്ചത്. ഇതിനുശേഷം ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുത്തതായി സൂചനയുണ്ട്. ഭർത്താവിന്റെ കുടുംബവുമായി താൻ അടുപ്പത്തിലായിരുന്നില്ലെന്ന് ക്രിസ്റ്റി പൊലീസിനോടു പറഞ്ഞു. മൂന്നരയോടെ കത്തി ഉപയോഗിച്ച് മകളുടെ കഴുത്തിൽ കുത്തിയെന്നാണ് ക്രിസ്റ്റി പൊലീസിനു നൽകിയ മൊഴി. ഇതിനിടെ കുഞ്ഞിന്റെ തന്നെ മരുന്നും ഗുളികകളും ഇവർ കഴിച്ചു. കുഞ്ഞ് മരിച്ചതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം. ബന്ധുവായ ഗസീന്ത തുടരെ വാതിലിൽ മുട്ടിയതോടെ വേറെ നിവൃത്തിയില്ലാതെ ക്രിസ്റ്റി വാതിൽ തുറക്കുകയായിരുന്നു.
‘കുഞ്ഞമ്മേ ഞാൻ മോളെ കൊന്നു’ എന്നു പറഞ്ഞാണ് ക്രിസ്റ്റി വാതിൽ തുറന്നത്. ഇതുകേട്ടു വിറങ്ങലിച്ച ഗസീന്ത കട്ടിലിൽ നോക്കുമ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ കാണുന്നത്. എങ്ങനെയും ജീവൻ രക്ഷിക്കുന്നതിനായി കുഞ്ഞിനെ വാരിപ്പുണർന്നു പുറത്തേക്കോടിയ ഗസീന്തയാണ് നാട്ടുകാരോടു കാര്യം പറഞ്ഞത്. അവർ ഇടപെട്ടാണ് ആംബുലൻസ് സജ്ജമാക്കിയത്.
എന്നാൽ കുഞ്ഞിനെ സ്നേഹിക്കാൻ ഭാര്യ തന്നെ അനുവദിച്ചിരുന്നില്ലെന്നാണ് ഭർത്താവ് അഭിജിത്ത് ഇന്നലെ ചിലരോടു സൂചിപ്പിച്ചത്. കുഞ്ഞുമായി ക്രിസ്റ്റി എപ്പോഴും തന്റെ മുറിയിൽ ഇരിക്കുമെന്നും വീട്ടിലുള്ള മറ്റുള്ളവരോട് അടുപ്പം കാണിച്ചിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. അഭിജിത്തിന്റെ മാതാവ് ഗേളിയുടെ മൊഴിയിൽ പൊലീസ് നടപടി സ്വീകരിച്ചു വരുന്നു. കൊലപാതകത്തിൽ വേറെ ആർക്കെങ്കിലും പങ്ക് ഉണ്ടോയെന്നത് ഉൾപ്പെടെ അന്വേഷിക്കുന്നുണ്ട്. സംഭവം നടന്ന വീട് പൊലീസ് സീൽ ചെയ്തു. ഇന്ന് ഫൊറൻസിക് സംഘം പരിശോധിക്കും. എസ്എടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും.
വീടിനു പുറത്തിറക്കി മാറ്റി നിർത്തി പൊലീസ് ചോദിക്കുമ്പോൾ തന്നെ ക്രിസ്റ്റി താൻ ചെയ്ത കാര്യം സമ്മതിച്ചു. വൈകാതെ ജോലി സ്ഥലത്തുനിന്നു ഭർത്താവ് അഭിജിത്തും എത്തി. അടച്ചിട്ടിരുന്ന വീടിന്റെ തിണ്ണയിൽ നിറകണ്ണുകളോടെ ഇരുന്നു. ഭാര്യയുമായി സംസാരിച്ചില്ല. താമസിയാതെ തലയിൽ തുണി കൊണ്ടു മറച്ച് ക്രിസ്റ്റിയെ പൊലീസ് ആൾ കൂട്ടത്തിനിടയിലൂടെ സ്റ്റേഷനിലേക്കു കൊണ്ടു പോകുമ്പോൾ മുഖം പൊത്തി ഇരിക്കുകയായിരുന്നു അഭിജിത്ത്. കുടുംബത്തിലെ മറ്റംഗങ്ങളുമായി നാട്ടുകാർക്ക് അടുപ്പം ഉണ്ടായിരുന്നെങ്കിലും ക്രിസ്റ്റിയെ സംബന്ധിച്ച് കാര്യമായി ഒന്നും അറിയില്ലെന്നാണ് പരിസരവാസികൾ പറഞ്ഞത്.








