തൃശൂർ∙ കേരളത്തിലെ ആശുപത്രികളിൽ വ്യാപകമായി ഉപയോഗിക്കുന്ന പേവിഷ വാക്സീനായ അഭയ്റാബിന്റെ വ്യാജൻ വിപണിയിലിറങ്ങിയെന്ന കേന്ദ്ര മരുന്നുനിലവാര നിയന്ത്രണ അതോറിറ്റിയുടെ മുന്നറിയിപ്പ് ആശങ്കയുണർത്തുന്നു. അഭയ്‌റാബിന്റെ കെഇ25012 ബാച്ചിന്റെ വ്യാജൻ ഇറങ്ങിയിട്ടുണ്ടെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. രാജീവ് സിങ് രഘുവംശി കത്തയച്ചു. നടപടിയെടുക്കാൻ ഡ്രഗ് ഇൻസ്പെക്ടർമാർക്കു നിർദേശം നൽകിയെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഡോ. കെ.സുജിത്കുമാർ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങളിലോ ജില്ലാ ആശുപത്രികളിലോ അറിയിപ്പു ലഭിച്ചിട്ടില്ല. അഭയ്റാബ് വ്യാപകമായി ഓൺലൈൻ വിപണിയിൽ ലഭ്യമാണെന്നത് ആശങ്ക കൂട്ടുന്നു.
ആഭ്യന്തര പേവിഷ വാക്സീൻ നിർമാണത്തിൽ ഇന്ത്യൻ വിപണിയുടെ 40% കയ്യാളുന്ന ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡ് ആണ് അഭയ്‌റാബിന്റെ നിർമാതാക്കൾ. കെഇ25012 ബാച്ച് ആവശ്യമായ ടെസ്റ്റുകൾ എല്ലാം വിജയിച്ചതാണെന്നും ബാച്ച് നമ്പർ പകർത്തി ഉണ്ടാക്കിയ വ്യാജ വാക്സീനാണു പിടിച്ചതെന്നും അവർ പ്രതികരിച്ചിട്ടുണ്ട്. 2025ലും അഭയ്‌റാബ് കെഎ24014 ബാച്ചിന്റെ വ്യാജൻ കണ്ടെത്തിയിരുന്നു.






