Headlines

ഇറാനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡോണൾഡ് ട്രംപ്; യുഎസ് – ഇറാൻ പോര് പുതിയ തലത്തിലേക്ക്

 

വാഷിങ്ടൻ ∙ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതിന് നഷ്ടപരിഹാരം നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഞ്ച് മാസത്തെ യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് യുഎസ് നഷ്ടപരിഹാരം നൽകണമെന്ന ഇറാന്റെ ആവശ്യത്തോട് സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു ട്രംപ്. യുഎസ് – ഇറാൻ ചർച്ചകളിലോ യോഗങ്ങളിലോ ഒരിക്കലും നഷ്ടപരിഹാരം സംബന്ധിച്ച് പരാമർശിച്ചിട്ടില്ലായിരുന്നിട്ടും അവർ ഈ ആവശ്യം ഉന്നയിക്കുകയാണെന്നും ട്രംപ് പറഞ്ഞു.‘ഇതൊരു രസകരമായ ആശയമാണ്. ഇപ്പോൾ ഇറാനിൽ നിന്ന് ഞാനും നഷ്ടപരിഹാരം ആവശ്യപ്പെടുകയാണ്, അവരുടെ ബോംബുകളാലും മറ്റു നിരവധി സംഘർഷങ്ങളിലൂടെയും അവർ കൊല്ലപ്പെടുത്തുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത എല്ലാ ആളുകൾക്കും വേണ്ടി ഞാനും ഇറാനിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുകയാണ്. ജനറൽ സുലൈമാനി ആയിരുന്നു ഇതിന്റെയെല്ലാം പ്രാഥമിക നേതൃത്വം വഹിച്ചിരുന്നത്. യുഎസ്എസ് കോളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും യുദ്ധത്തിൽ മരിച്ച ആയിരക്കണക്കിന് മറ്റ് ആളുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കഴിഞ്ഞ 50 വർഷത്തിനിടെ ഇറാൻ കൊലപ്പെടുത്തിയ ലക്ഷക്കണക്കിന് നിരപരാധികളായ പ്രതിഷേധക്കാരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണം. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാത്രം കൊല്ലപ്പെട്ട 52,000 പേരെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഭാവിയിൽ നടക്കുന്ന ഏതൊരു ചർച്ചയിലും ഈ ആവശ്യം ഉൾപ്പെടുത്താൻ ഞാൻ എന്റെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.അതേസമയം, ഇറാന്റെ സമുദ്രാതിർത്തിയിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഉൾപ്പെടെയുള്ള സൈനിക നടപടികൾ പൂർണമായും പിൻവലിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗായി വ്യക്തമാക്കി. കപ്പൽപാത സംബന്ധിച്ച് ഒമാനുമായുള്ള ചർച്ച പുരോഗമിക്കുന്നതായും ചില സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ സംയുക്ത പ്രസ്താവനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുൻകൂർ അനുമതിയില്ലാത്ത ഡ്രോൺ പറത്തുന്നതിനെ ഭീകരവാദമായി പരിഗണിച്ചു കൈകാര്യം ചെയ്യുമെന്ന് ഇറാഖ് പ്രഖ്യാപിച്ചു. ഇറാഖിൽ നിന്ന് ഇറാൻ അനുകൂല സംഘങ്ങൾ അയൽ രാജ്യങ്ങളിലേക്കു ഡ്രോൺ ആക്രമണം തുടരുന്നതിനിടെയാണ് അറിയിപ്പ്