Headlines

പ്രധാനമന്ത്രിയെ കണ്ട് ശരദ് പവാർ വിഭാഗം എംപിമാർ; മുന്നണിമാറ്റ അഭ്യൂഹം ശക്തം, മണ്ഡല പുനർനിർണയ ബില്ലിൽ പിന്തുണ ?

 

മുംബൈ ∙ എൻസിപി ശരദ് പവാർ വിഭാഗം എംപിമാർ പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുളെയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിനെച്ചൊല്ലി മുന്നണിമാറ്റ അഭ്യൂഹം ഉയർന്നു. മഹാരാഷ്ട്രയുടെ വികസന പ്രശ്നങ്ങൾ അവതരിപ്പിക്കാനും കൂടുതൽ ഫണ്ട് തേടിയുമാണു പ്രധാനമന്ത്രിയെ കണ്ടതെന്നാണു പാർട്ടി വിശദീകരിക്കുന്നത്. കാർഷിക പ്രതിസന്ധി, ഗ്രാമീണ മേഖലയിലെ വരൾച്ച, സവാള വിലയിടിവ്, പരിസ്ഥിതി മലിനീകരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ എംപിമാർ കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.ഭേദഗതി വരുത്തിയാൽ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാമെന്നു സുപ്രിയ നേരത്തേ നിലപാടെടുത്തതോടെയാണു പാർട്ടി ബിജെപിയുമായി അടുക്കുന്നതായി വാർത്ത പരന്നത്. ശരദ് പവാറും മകളും വർക്കിങ് പ്രസിഡന്റും ബാരാമതി എംപിയുമായ സുപ്രിയ സുളെ കഴിഞ്ഞ മാസവും പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു.എന്നാൽ, പാർട്ടി എൻഡിഎ സഖ്യത്തിലേക്ക് മാറുന്നു എന്ന വാർത്തകൾ എംപിമാർ പൂർണമായും നിഷേധിച്ചു. പാർലമെന്റിൽ തടസങ്ങൾ കാരണം ഉന്നയിക്കാൻ കഴിയാത്ത മഹാരാഷ്ട്രയുടെ ആവശ്യങ്ങൾ നേരിട്ട് ബോധിപ്പിക്കാൻ മാത്രമാണ് ഈ സന്ദർശനമെന്ന് പാർട്ടി വ്യക്തമാക്കി. ആവശ്യങ്ങളിൽ അനുകൂലമായ നടപടികൾ സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായും കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ അറിയിച്ചു.