നാഗ്പൂർ: രാഹുൽ ഗാന്ധി ഉയർത്തിയ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് പേർ തന്നെ സമീപിച്ചെന്നും സംസ്ഥാനത്തെ 288 സീറ്റുകളിൽ 160 സീറ്റുകൾ എൻസിപിയും കോൺഗ്രസുമടങ്ങുന്ന പ്രതിപക്ഷത്തിന് ഉറപ്പ് നൽകിയെന്നും ശരദ് പവാർ വെളിപ്പെടുത്തി. ഇവരെ ഇന്ത്യ മുന്നണിയുടെ ഭാഗമായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പരിചയപ്പെടുത്തി. ഇതല്ല നമ്മുടെ രീതിയെന്നും രാഹുൽ പറഞ്ഞു. അവരുടെ സീറ്റ് വാഗ്ദാനം താനും രാഹുലും നിരസിക്കുകയായിരുന്നുവെന്നും പവാർ കൂട്ടിച്ചേർത്തു. നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പവാറിന്റെ വെളിപ്പെടുത്തൽ.
‘നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പാണ് രണ്ട് പേർ എന്നെ കാണാൻ ദില്ലിയിലെത്തിയത്. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 160 സീറ്റുകളിലാണ് അവർ ഇന്ത്യ മുന്നണിക്ക് ജയം ഉറപ്പ് നൽകിയത്. ഇത്തരം ആളുകൾ വരാറുണ്ട്. പക്ഷേ ഇവരുടേത് വളരെ ഉറച്ച വാക്കുകളായിരുന്നു. അവർ 160 സീറ്റുകൾ ഉറപ്പ് നൽകിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് എനിക്ക് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഞാൻ അവർക്ക് രാഹുൽ ഗാന്ധിയുമായി സംസാരിക്കാൻ അവസരം ഒരുക്കി. അവർക്ക് പറയാനുള്ളതെല്ലാം അവർ രാഹുലിനോട് പറഞ്ഞു. എല്ലാം കേട്ടതിന് ശേഷം ഞങ്ങൾ അവരുടെ ഓഫർ നിരസിച്ചു. ഇത് നമ്മുടെ രീതിയല്ല. ജനങ്ങളുടെ അടുത്തേക്ക് പോയി അവരുടെ പിന്തുണ നേടാനാണ് ശ്രമിക്കേണ്ടതെന്ന് ഞങ്ങൾ തീരുമാനിച്ചു.
2024 നവംബറിൽ നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് ശരദ് പവാർ സംസാരിച്ചതെന്ന് വ്യക്തമായിരുന്നു. ആ തിരഞ്ഞെടുപ്പിൽ ബിജെപി, ശിവസേന, എൻസിപി എന്നിവരടങ്ങിയ മഹാരാഷ്ട്ര സർക്കാർ 235 സീറ്റുകൾ നേടിയിരുന്നു. അതേസമയം പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിക്ക് 50 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് ക്രമക്കേടുകളാണ് തങ്ങളുടെ പരാജയത്തിന് കാരണമെന്ന് അന്ന് തന്നെ ആരോപണമുന്നയിച്ചിരുന്നു.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്തുണ
വോട്ടർ പട്ടികയിൽ വലിയ തോതിലുള്ള കൃത്രിമം നടന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പിന്തുണച്ച പവാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ഓരോ മണ്ഡലവും കൃത്യമായി പഠിച്ച ശേഷമാണ് വോട്ടർപട്ടികയിലെ ക്രമക്കേടിനെ കുറിച്ച് രാഹുൽ ഗാന്ധി ആരോപണങ്ങളുന്നയിച്ചതെന്ന് പവാർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള സംശയങ്ങൾ നീക്കാനായി വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ആധികാരികമായ തെളിവുകളോടെ രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയം അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.