Headlines

രണ്ടും കൽപ്പിച്ച് എംഎൽഎ; വനംവകുപ്പിനും വനംമന്ത്രിക്കുമെതിരെ പരസ്യസമരം, അസാധാരണ നീക്കവുമായി സിപിഐ എംഎൽഎ

ഇടുക്കി:വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ഭരണപക്ഷത്തുള്ള സിപിഐ എംഎൽഎ വനംവകുപ്പിനെതിരെ പരസ്യമായി സമരം തുടങ്ങി. ഇടുക്കിയിലെ പീരുമേട് എംഎൽഎ വാഴൂർ സോമനാണ് വനംമന്ത്രിക്കും വകുപ്പിനുമെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയത്.

ഇടുക്കിയിലെ പീരുമേട് മണ്ഡലത്തിൽ മാത്രം മൂന്നു പേരാണ് ഈ വർഷം കാട്ടാന ആക്രമണത്തിൽ മരിച്ചത്. പെരുവന്താനം പഞ്ചായത്തിലെ കൊമ്പൻപാറയിൽ സോഫിയ ഇസ്മയിലും പീരുമേട് പ്ലാക്കത്തടത്ത് സീതയും മതമ്പയിൽ വച്ച് തമ്പലക്കാട് സ്വദേശി പുരുഷോത്തമനുമാണ് കൊല്ലപ്പെട്ടത്. കാട്ടാനയെ കണ്ട് ഭയന്നോടി പരുക്കേറ്റവരും തലനാരിഴക്ക് രക്ഷപ്പെട്ടവരുമുണ്ട്.

പലയിടത്തും ആഴ്ചകളായി കാട്ടാനകൾ തമ്പടിച്ച് നാശങ്ങൾ വരുത്തുന്നത് തുടരുകയാണ്. ഇക്കാര്യം വാഴൂർ സോമൻ എംഎൽഎ നിയമ സഭയിൽ ഉന്നയിച്ചിട്ടും കാര്യമായ പ്രതികരണമുണ്ടായില്ല. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എംഎൽഎയെ അവഗണിക്കുന്നതും തുടരുകയാണ്. ഇതെല്ലാമാണ് വാഴൂർ സോമനെ കൂടുതൽ ചൊടിപ്പിച്ചത്. പാർട്ടിയുടെ പൂർണ പിന്തുണയോടെയാണ് സമരം നടത്തിയത്.

വനം മന്ത്രിയെയും നിയമസഭയെയും വരെ ഉന്നത ഐഎഫ്എസ് ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എംഎൽഎ ആരോപിക്കുന്നു. വന്യമൃഗ ശല്യം നിയമ സഭയിൽ ഉന്നയിച്ച തനിക്കെതിരെ പരാതി നൽകിയവരാണ് വനംമന്ത്രിയുടെ പാർട്ടിക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോട്ടയത്ത് പ്രവർത്തിക്കുന്ന ഡിഎഫഒ ഓഫീസും എരുമേലിയിൽ പ്രവർത്തിക്കുന്ന റേഞ്ച് ഓഫീസും പീരുമേട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വനം മന്ത്രിക്ക് കത്തും നൽകിയിട്ടുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് എംഎൽഎയുടെ തീരുമാനം.