മാണി സി കാപ്പന്റെ നീക്കത്തിന് ശരദ് പവാറിന്റെ പിന്തുണയില്ല; കാപ്പനെ തള്ളി പീതാംബരൻ മാസ്റ്റർ

മാണി സി കാപ്പന്റെ നീക്കത്തിന് ശരദ് പവാറിന്റെ പിന്തുണയില്ലെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ. നേതാക്കളുടെ പിന്നാലെ പോകുന്നയാളല്ല പവാർ. കാപ്പന്റെ നാളത്തെ നീക്കമറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പീതാംബരൻ മാസ്റ്റർ പറഞ്ഞു

യുഡിഎഫ് ഘടകക്ഷിയാകുമെന്ന് ഇന്ന് രാവിലെ കാപ്പൻ അറിയിച്ചിരുന്നു. അതേസമയം എൻസിപി കേന്ദ്രനേതൃത്വത്തിന്റെ നിലപാട് ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് തനിക്ക് അനുകൂലമല്ലെങ്കിലും എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്നും കാപ്പൻ പറഞ്ഞിരുന്നു

പാലായിലെ ജനങ്ങൾ തനിക്കൊപ്പം നിൽക്കും. ദേശീയ നേതൃത്വവും ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. നാളെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്റുമാരും ഒരു അഖിലേന്ത്യാ സെക്രട്ടറിയും 9 സംസ്ഥാന ഭാരവാഹികളും തനിക്കൊപ്പം നിൽക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു.