സ്വകാര്യ ആശുപത്രികളിലേക്ക് വാക്‌സിൻ വാങ്ങാൻ 126 കോടി രൂപ സർക്കാർ അനുവദിച്ചു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേക്ക് വേണ്ടി വാക്‌സിൻ വാങ്ങാൻ 126 കോടി രൂപ അനുവദിച്ച് സർക്കാർ. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 20 ലക്ഷം കൊവിഷീൽഡ് വാക്‌സിൻ വാങ്ങാനാണ് തുക അനുവദിച്ചത്. കേരളാ മെഡിക്കൽ സർവീസ് കോർപറേഷനാണ് സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി വാക്‌സിൻ സംഭരിച്ച് വിതരണം ചെയ്യുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് 126 കോടി രൂപ അനുവദിച്ചത്. സ്വകാര്യ ആശുപത്രികളിൽ നിന്ന് തതുല്യമായ തുക പിന്നീട് വാക്‌സിൻ വിതരണത്തിന് ശേഷം ശേഖരിച്ച് ഫണ്ടിലേക്ക് തിരിച്ചടയ്‌ക്കേണ്ട ചുമതലയും കേരളാ മെഡിക്കൽ സർവീസ് കോർപറേഷനാണ്.

ഹെൽത്ത് ഏജൻസി സ്വകാര്യ ആശുപത്രികളുമായി നടത്തിയ ചർച്ചയിൽ 18 ലക്ഷം ഡോസ് വാക്‌സിന്റെ ആവശ്യകത ആശുപത്രികൾ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോഴത്തെ തീരുമാനം.