തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് ശാസനയുമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. ആക്രമണമുണ്ടായപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ തടഞ്ഞില്ലെന്ന് കമ്മീഷണര്‍ കുറ്റപ്പെടുത്തി. വാഹനങ്ങള്‍ക്ക് നേരെ മുട്ടയേറുണ്ടായപ്പോഴും തടഞ്ഞില്ല. എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ലെന്നും കമ്മീഷണര്‍ ചോദിച്ചു. ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പൊലീസുകാരെ കമ്മീഷണര്‍ ശാസിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു കമ്മീഷണര്‍ വിമര്‍ശനം ഉന്നയിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ലഭിച്ചില്ലെന്നയിരുന്നു പൊലീസുകാരുടെ മറുപടി. ആക്രമണം തടയുന്നതിൽ പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ആ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥൻ ശാസിച്ചിരിക്കുന്നത്.
അതിനിടെ കേസിലെ അന്വേഷണ ചുമതലകളില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മ്യൂസിയം എസ്എച്ച്ഒ ആര് പ്രശാന്ത് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്കി. തുടരന്വേഷണ ചുമതല മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം. തനിക്കെതിരെ നടന്നുവരുന്നത് കേരള പൊലീസിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്ന വ്യാജ പ്രചരണങ്ങളാണെന്ന് എസ്എച്ച്ഒ പറഞ്ഞു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ നടത്തിയത് സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണമാണ്. അന്വേഷണത്തില്‍ ഒരുതരത്തിലുള്ള പാളിച്ചയും വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. മ്യൂസിയം എസ്എച്ച്ഒ സ്ഥാനത്തുനിന്ന് മാറ്റണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ ആരോഗ്യ അവസ്ഥ ചൂണ്ടിക്കാണിച്ചാണ് കമ്മീഷണറോട് എസ്എച്ച്ഒ സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. അതേസമയം തല്ക്കാലം ചുമതലകളില്‍ തുടരാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്കി.
അതിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറ് മുതല്‍ പത്ത് വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കിരണ്‍, അനില്‍കുമാര്‍, ഷരീഫ്, ഹരീഷ് കുമാര്‍, ദിനീത് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തണം, പ്രതികളുടെ ഗൂഢാലോചന കണ്ടെത്തണം. കൂട്ടുപ്രതികളെ തിരിച്ചറിയണം, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പ്രതികളെ തിരിച്ചറിയണം എന്നീ ആവശ്യങ്ങളായിരുന്നു പൊലീസ് കസ്റ്റഡിയില്‍ അപേക്ഷയില്‍ ഉന്നയിച്ചത്. ഇത് പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി.സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇക്കഴിഞ്ഞ മെയ് 27നായിരുന്നു ഇ ഡിയുടെ മിന്നല്‍ പരിശോധന നടന്നത്. വീണ ടി പ്രതിയായ കേസില്‍ പിതാവും പ്രതിപക്ഷ നേതാവുമായി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയില്‍ അടക്കമായിരുന്നു റെയ്ഡ്. മകള്‍ പ്രതിയായ കേസില്‍ പിണറായി വിജയനെ ലക്ഷ്യംവെയ്ക്കുന്നുവെന്നായിരുന്നു സിപിഐഎം ആരോപണം. രാവിലെ ആരംഭിച്ച റെയ്ഡ് എട്ട് മണിക്കൂറോളം നീണ്ടിരുന്നു. ഈ സമയമത്രയും പിണറായി വിജയന്റെ വസതിക്ക് പുറത്ത് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. റെയ്ഡിന് ശേഷം ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്.ആദ്യം മ്യൂസിയം പൊലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് പിന്നീട് പ്രത്യേക സംഘത്തിന് വിട്ടു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. മ്യൂസിയം എസ്എച്ച്ഒ ആര് പ്രശാന്ത് തന്നെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്. അഞ്ച് ഇന്‍സ്പെക്ടര്‍മാരും ഏഴ് എസ്ഐമാരും അടക്കം മുപ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് പ്രത്യേക അന്വേഷണ സംഘം.







