Headlines

‘ED പരിശോധന കൊണ്ട് ചിലര്‍ക്ക് വലിയ മനസംതൃപ്തിയുണ്ടാകും, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്’: പിണറായി വിജയന്‍

 

കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസിൽ തന്റെ വീടുകളിൽ ഉൾപ്പെടെ നടന്ന ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതുകൊണ്ടൊന്നും തങ്ങളെ തളർത്തിക്കളയാണെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. കാലങ്ങളായി വീട്ടിൽ കയറിയുളള പരിശോധന ഇ ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ടെന്നും ഈ പരിശോധന രാഹുൽ ഗാന്ധിക്ക് വലിയ മനസംതൃപ്തി നൽകുമെന്നും പിണറായി വിജയൻ പറഞ്ഞു. തങ്ങളുടെ പാർട്ടിക്കാർ അല്ലാത്ത മറ്റുളള പാർട്ടിക്കാർക്കെതിരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുളളതെന്നും ഇതുകൊണ്ടൊന്നും തങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഇ ഡി പരിശോധനയ്ക്ക് ശേഷം വീടിന് പുറത്തെത്തി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.’എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഇന്ന് കാലത്ത് ഏഴുമണിക്കാണ് ഈ വാതില്‍ക്കല്‍ ഇ ഡി ടീം എത്തുന്നത്. ഈ സമയം വരെ അവര് പരിശോധനയിലായിരുന്നു. വന്ന ടീം നിര്‍ദേശം അനുസരിച്ച് വരുന്നതാണല്ലോ. ഉദ്യോഗസ്ഥരാകുമ്പോള്‍ മേലെ ഉളളവര് പറയുന്നത് അനുസരിക്കാന്‍ അവര് ബാധ്യസ്ഥരാണ്. വീട്ടില്‍ കയറിയുളള പരിശോധന ഇ ഡി ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈ പരിശോധന ചിലര്‍ക്കെല്ലാം വലിയ മനസംതൃപ്തി നല്‍കുമെന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്. കാരണം എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യം. രാജ്യത്തെ പ്രതിപക്ഷത്തെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയുളള കരുതിക്കൂട്ടിയുളള ആക്രമണ നടപടികളാണ് ബിജെപി എല്ലാ കാലത്തും തുടര്‍ന്ന് വരുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.

 

 

പക്ഷെ തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കുനേരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഏതായാലും ഇതുകൊണ്ടൊന്നും ഞങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഇത് ഒരു തുടക്കം മാത്രമായേ ഞങ്ങള്‍ കാണുന്നുളളു. ഇതുകൊണ്ട് ഞങ്ങളെ തളര്‍ത്തിക്കളയാം എന്ന് വ്യാമോഹിക്കേണ്ടതില്ല. ഇവിടെ പ്രകടമായത് നമ്മുടെ നാടിന്റെ വികാരവും പാര്‍ട്ടി സഖാക്കളുടെ വികാരവും എല്ലാ കാലത്തും പാര്‍ട്ടിയുടെ അകമഴിഞ്ഞ പിന്തുണയുമാണ്. പാര്‍ട്ടി ശത്രുക്കള്‍ കൊത്തിവലിക്കാനൊരുങ്ങിയ എല്ലാ ഘട്ടത്തിലും ലഭ്യമായിട്ടുളളത്. ആ പിന്തുണയ്ക്ക് ഒരു കുറവും ചാഞ്ചല്യവുമില്ല എന്ന് സഖാക്കള്‍ ഇന്ന് വീണ്ടും വ്യക്തമാക്കി. എല്ലാവരെയും ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു. ഏതിനെയും നേരിടാന്‍, ഇതാണ് നമ്മുടെ കരുത്ത്. ഒന്നിച്ചു നമുക്ക് ഇറങ്ങാം’- പിണറായി വിജയൻ പറഞ്ഞു.അതേസമയം, സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പരിശോധന പൂര്‍ത്തിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കും മൊഴിയെടുപ്പിനും ശേഷമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ എഴുതി നല്‍കി. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് സിപിഐഎം പ്രവർത്തകർ അടിച്ചു തകര്‍ക്കുകയും ചെയ്തു. വാഹനം വളഞ്ഞിട്ടായിരുന്നു അതിക്രമം. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസും നേതാക്കളും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറും ചെരുപ്പേറും ഉണ്ടായി.

 

 

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വാടക വീട്ടിന് മുന്നിലും കണ്ണൂരില്‍ പിണറായി വിജയന്റെ വസതിക്ക് മുന്നിലും ഇ ഡിക്കെതിരെ സിപിഐഎം അണികള്‍ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. അണികളും പ്രവര്‍ത്തകരും നേതാക്കളും തെരുവിലാണ്. വി ഡി സതീശന്റേത് ഉള്‍പ്പെടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് റെയ്ഡ് നടത്തിയതെന്നും അത് ബിജെപി-കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമാണ് എന്നുമാണ് സിപിഐഎമ്മിന്റെ ആരോപണം. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ്, ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്.

 

 

കഴിഞ്ഞ ദിവസമായിരുന്നു സിഎംആര്‍എല്‍ – എക്സാലോജിക് കരാറില്‍ ഇ ഡിയുടെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. പിന്നാലെയാണ് റെയ്ഡ്. ഇ ഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഇ ഡിയുടെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു. പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലിന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇ ഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇ ഡി അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.