Headlines

മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണ പരാതി വ്യാജം? വാടകവീട് ഒഴിയുന്നത് നീട്ടാനുള്ള തന്ത്രമെന്ന് സംശയം

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണ പരാതി വ്യാജമെന്ന സംശയത്തിൽ പൊലീസ്. വാടകവീട് ഒഴിയുന്നത് നീട്ടാനുള്ള മോൻസന്റെ തന്ത്രമെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞവർഷവും മോൻസൻ മോഷണ പരാതി നൽകിയിരുന്നു. എന്നാൽ ഇത് വ്യാജമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

മാർച്ചിൽ വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞില്ല. 20 കോടിയുടെ വസ്തുക്കൾ വീട്ടിൽ നിന്ന് മോഷണം പോയെന്നാണ് നിലവിലെ പരാതി. നിലവിൽ പോക്സോ കേസിൽ മോൻസൺ ജയിലിലാണ്. ഇതിനിടെയാണ് വീടിനകത്തുള്ള വസ്തുക്കൾ മാറ്റാൻ അനുമതി തേടിയിരുന്നു. കോടതി അനുമതി ലഭിച്ചതിന് പിന്നാലെയാണ് വീട്ടിലെത്തിയ മോൻസൺ മോഷണം നടന്നതായി പരാതി നൽകിയത്. വീട്ടിൽ മോഷണം നടന്നതായുള്ള സ്വഭാവം മനസിലാക്കാൻ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.

ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ഉണ്ടായിരുന്ന വീട് ഉടമസ്ഥർക്ക് കൈമാറിയിരുന്നു. വീട്ടിലെ പുരാവസ്തുക്കൾ മോൺസന് കൈമാറാനും കോടതിയും നിർദേശിച്ചിരുന്നു. ഇതു പ്രകാരം പോക്സോ കേസിൽ പരോൾ ലഭിച്ച മോൻ സൺ വസ്തുക്കൾ തിട്ടപ്പെടുത്താൻ വീട്ടിൽ എത്തിയപ്പോഴാണ് വാതിൽ പൊളിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി തകർത്ത നിലയിലായിരുന്നു. നേരത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്ലുള്ളപ്പോഴും ഇതേ വീട്ടിൽ മോഷണം നടന്നിരുന്നു.