സാമ്പത്തിക തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി

 

തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. പത്തുകോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിലും 1.72 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലുമാണ് മോന്‍സണ്‍ ജാമ്യാപേക്ഷ നല്‍കിയത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി.

മോന്‍സണ് ഉന്നത ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അനൂപ്, ഷമീര്‍ എന്നിവരില്‍ നിന്ന് 10 കോടി തട്ടിയെടുത്തെന്ന കേസിലും വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവനില്‍ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ തട്ടിയ കേസിലുമാണ് ജാമ്യം തള്ളിയത്.

ഈ മാസം 20 വരെയാണ് മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെകുറിച്ചും എച്ച്എസ്ബിസി ബാങ്കില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന് വ്യാജരേഖ ചമച്ചതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

പുരാവസ്തു തട്ടിപ്പ്, ശില്പി സന്തോഷ് നല്‍കിയ പരാതി, ബീനാച്ചി എസ്റ്റേറ്റ് പാട്ടിത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തട്ടിപ്പ് എന്നിവയുള്‍പ്പെടെ മോന്‍സണ്‍ മാവുങ്കലിനെതിരെ അഞ്ച് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.