സംസ്ഥാനത്തെ മഹിളാമന്ദിരങ്ങളിൽ അമ്മമാരോടൊപ്പം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി 10 വയസാക്കി ഉയർത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു.
നേരത്തെ കുട്ടികളുമായി സ്ഥാപനത്തിലെത്തുന്ന സ്ത്രീകൾക്ക് 6 വയസ് ആകുന്നതുവരെ പ്രായമുള്ള കുട്ടികളെ കൂടെ താമസിപ്പിക്കാനാണ് അനുവാദം ഉണ്ടായിരുന്നത്. എന്നാൽ കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും സംരക്ഷണത്തിനും അമ്മയുടെ സാമീപ്യം അത്യന്താപേക്ഷിതമാണ്. പതിമൂന്നാം കേരള നിയമസഭാ സമിതിയുടെ ഒന്നാമത്തെ റിപ്പോർട്ടിലും മഹിളാ മന്ദിരങ്ങളിൽ അമ്മമാരോടൊപ്പം താമസിച്ചു വരുന്ന കുട്ടികളുടെ പ്രായപരിധി 10 വയസായി ഉയർത്തുന്നതിന് ശിപാർശ ചെയ്തിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് മഹിളാ മന്ദിരങ്ങളിൽ അമ്മമാരോടൊപ്പം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി കൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി.
വനിത ശിശുവികസന വകുപ്പിന് കീഴിൽ 12 മഹിളാമന്ദിരങ്ങളാണ് പ്രവർത്തിച്ചു വരുന്നത്. വിധവകൾ, വിവാഹ ബന്ധം വേർപ്പെടുത്തിയവർ, ദുരിതബാധിതരും അഗതികളായ നോക്കാൻ ആരുമില്ലാത്ത 13 വയസിനുമേൽ പ്രായമുള്ളവർ പ്രായമുള്ള പെൺകുട്ടികൾ, സ്ത്രീകൾ എന്നിവരേയാണ് മഹിളാ മന്ദിരത്തിൽ പ്രവേശിപ്പിക്കുന്നത്.