കൽപറ്റ∙ ‘ബാങ്കിലേക്കു പോകാൻ തുരങ്കപ്പാതയ്ക്കു മുന്നിലെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു ഞങ്ങൾ. നല്ല മഴ. വലിയ ശബ്ദം. മലയൊന്നാകെ ഇടിഞ്ഞുവരുന്നു. ഞങ്ങൾ കൈപിടിച്ച് തിരിഞ്ഞോടി. ലോറി കുത്തിയൊലിച്ചു പിന്നാലെ വരുന്നുണ്ടായിരുന്നു. കടവുൾ കാത്തു…’ മണ്ണിടിച്ചിലിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട തോട്ടം തൊഴിലാളി ബൽരാജും ഭാര്യ കൂടമ്മാളും പറയുന്നു. ഒലിച്ചു വന്ന ലോറിക്കിടയിൽ നിന്നാണ് ഇരുവരും ജീവിതത്തിലേക്കു തിരികെ വന്നത്. തമിഴ്‌നാട് മധുര സ്വദേശികളാണ്. 17 വർഷമായി മേപ്പാടിയിലെ മീനാക്ഷി എസ്‌റ്റേറ്റിൽ ജോലി ചെയ്യുന്നു.
∙ ഒരു ശബ്ദം; മലയൊന്നാകെ പിന്നാലെ
‘വലിയൊരു ശബ്ദം കേട്ടപ്പോഴാണ് ഓടി പുറത്തിറങ്ങി നോക്കിയത്. അപ്പോഴേക്കും മണ്ണിടിഞ്ഞ് അതിവേഗത്തിൽ വരാൻ തുടങ്ങിയിരുന്നു. ഞങ്ങൾ ഇറങ്ങിയോടി തോട്ടത്തിലേക്കു കയറി’– മണ്ണിടിച്ചിലിൽനിന്ന് രക്ഷപ്പെട്ട കള്ളാടി മീനാക്ഷിപ്പാലത്തിനു സമീപത്തെ ഗ്രില്ലാക്സ് ഹോട്ടലിന്റെ നടത്തിപ്പുകാരൻ പി.സി.ആഷിഖ് പറഞ്ഞു.തലനാരിഴയ്ക്കാണ് ആഷിഖിന്റെയും ജീവനക്കാരുടെയും ജീവൻ രക്ഷപ്പെട്ടത്. മണ്ണിടിഞ്ഞപ്പോൾ പാലത്തിനു മുകളിലുണ്ടായിരുന്ന ടാങ്കർ ലോറി നിരങ്ങിവന്നത് ആഷിഖിന്റെ കടയിലേക്കാണ്. തൊട്ടുമുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽ തട്ടിനിന്നതു കൊണ്ടു മാത്രമാണ് ലോറി കടയിലേക്ക് ഇടിച്ചു കയറാതിരുന്നത്.
‘2 ദിവസമായി ഭയങ്കര മഴയാണ്. തുരങ്കപാതയുടെ സമീപം കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിരുന്നു. പക്ഷേ ഇത്ര ഗുരുതരമാകുമെന്ന് കരുതിയില്ല. മണ്ണിടിയുമ്പോൾ തുരങ്കത്തിന്റെ അടുത്തുള്ള ടെന്റിൽ പണിക്കാരുണ്ടായിരുന്നു’– ആഷിഖ് പറഞ്ഞു.







