Headlines

തൊടുപുഴയിൽ DYFI നേതാവ് MDMAയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; പ്രതികൾ ലഹരി റാക്കറ്റിലെ കണ്ണികൾ എന്ന് സംശയിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി

ഇടുക്കി: തൊടുപുഴയിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ MDMA യും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി ഇടുക്കി ജില്ലാ പൊലീസ് മേധാവി എ നസീം. പ്രതികൾ ലഹരി റാക്കറ്റിലെ കണ്ണികൾ എന്ന് സംശയിക്കുന്നതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. പ്രതികൾ മുൻപും ലഹരി കേസുകളിൽ പിടിയിലായവരാണ്.

തൊടുപുഴ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങൾ ഉണ്ടാക്കി പ്രതികൾ ലഹരി വില്പന നടത്തിയിരുന്നതായും കണ്ടെത്തൽ. ഡിവൈഎഫ്ഐ നേതാവ് ടി എസ് ഷിയാസ്, ആഷിക്ക്, നിഹാൽ, ആർഷിദ് എന്നിവരെ ഇന്ന് പുലർച്ചയാണ് തൊടുപുഴ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് 18.18 ഗ്രാമം എംഡി എം എയും 10ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിരുന്നു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായിട്ടുള്ള പരിശോധനയിലാണ് ഇവര്‍ തൊടുപുഴ പൊലീസിന്റെ പിടിയിലാകുന്നത്. അര്‍ഷിദ് നേരത്തെയും ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. അന്ന് സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന അളവിലാണ് ഇയാളില്‍ നിന്നും ലഹരി മരുന്ന് കണ്ടെടുത്തത്. തുടര്‍ന്ന് ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ രാത്രി തെക്കുംഭാഗത്തു നിന്നാണ് ഇവര്‍ രണ്ടു വാഹനങ്ങളില്‍ നിന്ന് പിടിയിലായത്. ഡിവൈഎഫ്ഐ ഭാരവാഹി എന്ന നിലയില്‍ മയക്കുമരുന്നിനെതിരെ ഷിയാസ് ജാഥ നടത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ഇടവെട്ടി ഭാഗത്ത് വച്ച് ഇവര്‍ ലഹരി കൈമാറ്റം നടത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പരിശോധന നടത്തുകയും പിടിയിലാകുകയും ചെയ്തു.